സ്വകാര്യ ബസിൽ നിരോധിത പുകയില ഉൽപന്നം: ബസ് ജീവനക്കാർ അറസ്റ്റിൽ

Mail This Article
ചേർത്തല ∙ സ്വകാര്യ ബസിൽ നിന്ന് 30 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം പിടികൂടിയതിനെ തുടർന്നു ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തു. ചേർത്തല എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻഎം ബസിന്റെ ഡ്രൈവർ എഴുപുന്ന അനിൽ നിവാസിൽ അനിൽകുമാർ (33), കണ്ടക്ടർ പട്ടണക്കാട് കണ്ടത്തിൽ ഹൗസിൽ പ്രേംജിത്ത് (38) എന്നിവരാണ് പിടിയിലായത്. എഴുപുന്ന സ്വദേശി പ്രജിതയുടെ പേരിലുള്ളതാണ് ബസ്. ഇവർ സംസ്ഥാനത്തെ ഒരു ഡിജിപിയുടെ ഡ്രൈവറുടെ ഭാര്യയാണ്.
ലഹരി വിരുദ്ധ സ്ക്വാഡ് ചേർത്തല പൊലീസുമായി ചേർന്ന് ഇന്നലെ രാവിലെ ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ബസിനുള്ളിൽ ഒളിപ്പിച്ചിരുന്ന പുകയില ഉൽപന്നം പിടികൂടിയത്. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു. അതേസമയം കേസെടുത്ത അന്വേഷണ ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്.