കള്ളന്മാരുടെ വിളയാട്ടം; എന്നാലും കള്ളാ കുട്ടികളുടെ കഞ്ഞിക്കലം മോഷ്ടിക്കാമോ?

Mail This Article
എടത്വ ∙ തലവടി നീരേറ്റുപുറം ടിഎംടി ഹൈസ്കൂളിൽ രണ്ടു ദിവസങ്ങളിൽ തുടർച്ചയായി മോഷണം. കുട്ടികൾക്ക് ആഹാരം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങളും, മിക്സിയും, ചോറു വിളമ്പുന്ന പാത്രങ്ങൾ വരെയും മോഷ്ടാക്കൾ കൊണ്ടുപോയി. അടുക്കളയിലുണ്ടായിരുന്ന സീലിങ് ഫാനും മോഷ്ടാക്കൾ അഴിച്ചുകൊണ്ടുപോയി. സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി.
ടിഎംടി സ്കൂൾ പരിസരം സന്ധ്യ കഴിഞ്ഞാൽ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നതായി പരാതിയുണ്ട്. പ്രദേശത്തു ലഹരിമരുന്നും, കഞ്ചാവും വ്യാപകമായി വിൽപന നടത്തുന്നതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ പലരും ഭയം കൊണ്ട് പൊലീസിൽ പരാതി നൽകാൻ തയാറാകുന്നില്ല.
സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ചു സാമൂഹിക വിരുദ്ധർ ആക്രമണം നടത്തുന്നതും പതിവാണ്. കഴിഞ്ഞ ദിവസം തലവടി ഗവ. ഹൈസ്കൂളിലെ ചെടിച്ചട്ടികളും ജനൽ ചില്ലുകളും സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരുന്നു. മുൻപ് നീരേറ്റുപുറം പ്രദേശത്തു കാണിക്കവഞ്ചി അടക്കം നിരവധി മോഷണം നടന്നിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തരയോടെ എടത്വ ടൗണിൽ പള്ളി പാലത്തിനു സമീപം ജ്വല്ലറി ഉടമയുടെ പണവും രേഖകളും അടങ്ങുന്ന ബാഗ് മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കള്ളനെ കണ്ടെത്തി തടഞ്ഞുവച്ച് അറിയിച്ചിട്ടും പൊലീസ് എത്താതിരുന്നതു വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു. പൊലീസ് പ്രധാന റോഡുകളിൽ റോന്തു ചുറ്റുന്നുണ്ടെങ്കിലും ഉൾപ്രദേശങ്ങളിൽ എത്തുന്നില്ലെന്നും പരാതിയുണ്ട്.