മത്സ്യലഭ്യത കുറവ്, തീരദേശത്ത് വറുതി; ലഭിക്കുന്ന മത്സ്യത്തിനു ന്യായമായ വില ലഭിക്കുന്നില്ലെന്നു തൊഴിലാളികൾ

Mail This Article
തുറവൂർ ∙ കടലിൽ മത്സ്യങ്ങളുടെ ഗണ്യമായ കുറവ് മൂലം തീരം കടുത്ത വറുതിയിൽ. കടലിൽ പോകുന്ന വള്ളങ്ങൾക്കു ഏതാനും മാസങ്ങളായി മത്സ്യലഭ്യത കുറവാണ്. കടുത്ത ചൂടുകൂടിയതോടെ തീരക്കടലിൽ മീനുകൾ ഉണ്ടാകുന്നില്ലെന്നും ആഴ്ചയിൽ മിക്ക ദിവസവും കടലിൽ പോകാൻ കഴിയാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പുലർച്ചെ കടലിൽ പോകുന്ന വള്ളങ്ങൾക്കു ചെറിയ തോതിൽ മത്തിയും അയലയും ലഭിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം വള്ളങ്ങൾക്കും മത്സ്യങ്ങൾ ഒന്നും കിട്ടാത്ത അവസ്ഥയാണുള്ളത്.
കിട്ടുന്ന മത്സ്യത്തിനു ന്യായമായ വില ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. ആലപ്പുഴ അർത്തുങ്കൽ മുതൽ കൊച്ചി വരെയുള്ള അഞ്ഞൂറോളം വള്ളങ്ങൾ കൊച്ചി, ചെല്ലാനം ഹാർബർ , പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്.
മത്സ്യക്ഷാമം മൂലം തീരപ്രദേശങ്ങളിൽ നിന്നും കുറച്ച് വള്ളങ്ങൾ മാത്രമേ കടലിൽ പോകുന്നുള്ളു. ദിവസവും കടലിൽ പോയി ഒന്നും ഇല്ലാതെ തിരിച്ചു വരുമ്പോൾ 15000 മുതൽ 40000 രൂപവരെ ചെലവ് വരുന്നതായി തൊഴിലാളികൾ പറയുന്നു. മത്സ്യബന്ധനത്തിനു പോകാൻ ആലപ്പുഴ ഭാഗത്തുനിന്നും ചെല്ലാനം ഹാർബറിലും കൊച്ചിയിലും എത്തുന്ന തൊഴിലാളികൾക്കാണ് കൂടുതൽ തുക ചെലവ് വരുന്നത്. എന്നാൽ കടലിൽ മീനുകൾ ഇല്ലാത്ത സാഹചര്യത്തിൽ നഷ്ടം സഹിച്ച് കടലിൽ പോകാൻ കഴിയുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു.