നെല്ലുസംഭരണം വൈകുന്നു; നെഞ്ചുനീറി കർഷകർ, നഷ്ടം ലക്ഷങ്ങൾ

Mail This Article
എടത്വ ∙ ‘‘ആദ്യം എത്തുന്ന സംഭരണ ഏജൻസി ഒരു ക്വിന്റൽ നെല്ല് സംഭരിക്കുന്നതിനായി ഒരു കിലോഗ്രാം കിഴിവ് ആവശ്യപ്പെട്ടു മടങ്ങും. പിറ്റേദിവസം അതേ ഏജൻസി എത്തി കിഴിവ് രണ്ടു കിലോഗ്രാം ആണെങ്കിൽ നെല്ല് സംഭരിക്കാം എന്നു പറയും. അതിനു സമ്മതിച്ചു കഴിയുമ്പോൾ കിഴിവ് മൂന്നു കിലോഗ്രാം ആക്കും. പിന്നീട് അവർക്കു നെല്ല് വേണ്ട എന്നു പറയും. ദിവസങ്ങൾ കഴിയുന്നതോടെ മറ്റൊരു ഏജൻസിക്ക് കൊടുക്കാൻ പിഎംഒ അധികൃതർ നടപടി സ്വീകരിക്കും.

അവർ എത്തുന്നതോടെ സാംപിൾ നെല്ല് ശേഖരിക്കുകയും കിഴിവ് 5 കിലോഗ്രാം വരെ ആവശ്യപ്പെടുകയും ചെയ്യും. കുട്ടനാട്ടിലെ നെല്ല് മില്ലുകൾക്കു വേണ്ട എന്നു പറയുന്ന അവസ്ഥയിൽ എത്തും. പിന്നീട് അവർ പറയുന്ന കിഴിവ് കൊടുത്ത് സംഭരിക്കാൻ കർഷകർ നിർബന്ധിതരാകും’’– ഇടക്കറുക നാലുനാൽപതു പാടശേഖരത്തെ കർഷകനായ ആന്റണി മാത്യു പറയുന്നു.
കത്തുന്ന വെയിലത്തും പണിയെടുത്തു വിളയിച്ച നെല്ല് വിളവെടുത്തു കഴിയുമ്പോൾ സംഭരണ ഏജൻസികൾ കിഴിവിന്റെ പേരിൽ ലേലം വിളിക്കുന്നതു നോക്കി നിൽക്കേണ്ട ഗതികേടിലാണു കർഷകർ. പതിര്, ഈർപ്പം തുടങ്ങിയ വാദങ്ങൾ നിരത്തി കിഴിവ് ആവശ്യപ്പെടുമ്പോൾ കർഷകർ നിസ്സഹായരാകുന്നു. മില്ലുകാർ പറഞ്ഞ കണക്കിൽ നെല്ലു കൊടുത്താൽ ഇത്രയും ദിവസങ്ങളിലെ അധ്വാനത്തിനുള്ള പ്രതിഫലം പോലും ലഭിക്കില്ലെന്നു കർഷകർ പറയുന്നു. നെല്ല് കൂടുതൽ ദിവസം പാടത്തു കിടക്കുമ്പോൾ മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെടും. കൊയ്ത്തു കഴിഞ്ഞു രണ്ടു ദിവസത്തിനുള്ളിൽ നെല്ല് സംഭരിച്ചാൽ ഇത്തരം ലേലംവിളി ഒഴിവാക്കാൻ കഴിയുമെന്നാണു കർഷകർ പറയുന്നത്.

പാടത്ത് കുന്നുകൂടി നെല്ല്
ചമ്പക്കുളം കൃഷി ഭവൻ പരിധിയിൽ വരുന്ന ഇടക്കറുക നാലു നാൽപതു (4–40) പാടശേഖരത്തു വിവിധ സ്ഥലങ്ങളിൽ പാടത്തും ചിറയിലുമായി പതിനായിരത്തോളം ക്വിന്റൽ നെല്ലാണു കൂടിക്കിടക്കുന്നത്. നെല്ലെടുപ്പു താമസിക്കുന്നതിന് അനുസരിച്ച് എല്ലാ ദിവസവും മൂട അഴിച്ച് ഉണക്കി കൂട്ടുകയാണ്. ഇതിനു മാത്രം നല്ല ചെലവുവരും. വൈകിട്ടു പെയ്യുന്ന മഴ കർഷകരെ കടുത്ത സമ്മർദത്തിലാക്കുകയും ചെയ്യുന്നതായി കർഷകർ പറയുന്നു.
ഒരു കൃഷി മാത്രം ചെയ്യുന്ന നാലു നാൽപതു പാടത്ത് കൃഷി ആരംഭിച്ച് 41 ദിവസം പിന്നിട്ടപ്പോൾ മടവീണിരുന്നു. അന്നു മടകുത്താൻ ലക്ഷങ്ങളാണു ചെലവായത്. വിളവെടുത്ത നെല്ല് കൊണ്ടുപോകുന്നതിനും കൊയ്ത്തുയന്ത്രം എത്തിക്കുന്നതിനും സമീപത്തെ തോട് പോള കയറി കിടക്കുന്നതിനാൽ പാടശേഖരത്തെ പുറം ബണ്ട് വൻതുക ചെലവഴിച്ചു വാഹനം എത്തുന്ന വിധത്തിലാക്കേണ്ടതായി വന്നു. ഇതിനെല്ലാം കർഷകരാണു ചെലവ് വഹിച്ചത്. ഇപ്പോൾ അമിത കിഴിവ് കൂടി കൊടുക്കണമെന്നു പറയുന്നതു കർഷകരോടു കാട്ടുന്ന വഞ്ചനയാണെന്നു കർഷകനായ അലക്സാണ്ടർ പറയുന്നു.

കർഷകർക്കു നഷ്ടം ലക്ഷങ്ങൾ
മില്ലുകാർ ആവശ്യപ്പെടുന്നതു പോലെ ഒരു ക്വിന്റലിന് 5 കിലോഗ്രാം എന്ന തോതിൽ കിഴിവ് നൽകിയാൽ ഓരോ പാടശേഖരത്തു നിന്നും മില്ലുകാർക്കു ലക്ഷങ്ങളുടെ നെല്ലാണ് അധികമായി ലഭിക്കുകയെന്നു കർഷകർ പറയുന്നു. 10,000 ക്വിന്റൽ നെല്ല് സംഭരിക്കേണ്ട ഒരു പാടത്ത് 500 ക്വിന്റൽ കിഴിവായി നൽകേണ്ടി വരും. ഒരു ക്വിന്റലിന് 2820 രൂപ വച്ചു കണക്കാക്കുമ്പോൾ 500 ക്വിന്റൽ നെല്ലിന്റെ വില 14.10 ലക്ഷം രൂപ. കിഴിവായി നൽകുന്ന നെല്ലിന്റെ ചുമട്ടുകൂലി, നെല്ലു വാരുന്ന കൂലി, വള്ളക്കൂലി എന്നിവയും കർഷകർ നൽകണം. ക്വിന്റലിന് 250 രൂപ വച്ച് ചുമട്ടുകൂലിയായി മാത്രം 1.25 ലക്ഷം രൂപ നൽകേണ്ടി വരും.
നെല്ല് ഉണക്കാൻ അധികച്ചെലവ്
ഹരിപ്പാട് ∙ വീയപുരം കൃഷി ഭവന്റെ പരിധിയിൽ വരുന്ന ഇലവുന്താനം പള്ളി വാതുക്കൽ പാടശേഖരത്തിലെ കൊയ്ത്ത് കഴിഞ്ഞിട്ടു രണ്ടാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരിക്കാതെ പാടശേഖരത്തിൽ തന്നെ കൂട്ടിയിട്ട സ്ഥിതിയാണ്. മഴ പെയ്താൽ നെല്ലിൽ വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്. നെല്ല് ഉണക്കി എടുക്കാൻ കൂലിച്ചെലവ് കൂടുതലായി വേണ്ടി വരും. ഇതിനകം രണ്ട് മില്ലുകാർ വന്നു നെല്ല് പരിശോധന നടത്തി മടങ്ങി. എന്നാൽ ഇതുവരെയും മറുപടി പറഞ്ഞില്ലെന്നു കർഷകർ പറഞ്ഞു. 100 ഏക്കർ പാടശേഖരത്തിൽ 60 കർഷകരാണ് കൃഷി ചെയ്യുന്നത്.
മില്ലുകാർ തിരിഞ്ഞുനോക്കുന്നില്ല
കുട്ടനാട് ∙ നീലംപേരൂർ കൃഷിഭവൻ പരിധിയിലെ കിളിയങ്കാവ് തെക്ക് പാടശേഖരത്തിൽ വിളവെടുപ്പു കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും നെല്ല് എടുക്കാൻ മില്ലുടമകളാരും എത്തിയിട്ടില്ല. 4 മില്ലുകാർ പാടശേഖരത്തിൽ എത്തി നെല്ല് പരിശോധിച്ചു പോയെങ്കിലും തിരിച്ചെത്തിയില്ല. എത്ര കിഴിവു വേണമെന്നു പോലും പറയാതെയാണു മില്ലുകാർ പോയത്. മഴ കൂടി പെയ്തതോടെ എങ്ങനെ നെല്ല് വിൽക്കുമെന്നറിയാതെ പകച്ചു നിൽക്കുകയാണു കർഷകർ.
200 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ വിളവെടുത്ത നെല്ല് പാടശേഖരത്തിന്റെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. രാവും പകലും നെല്ലിനു കാവൽ നിൽക്കേണ്ട ഗതികേടിലാണു കർഷകർ. ദിവസവും വെയിൽ തെളിയുമ്പോൾ മൂടി ഇട്ടിരിക്കുന്ന നെൽക്കൂനയുടെ പടുത നീക്കി നെല്ല് ഉണക്കും. മഴയെത്തുന്നതിനു മുൻപായി വീണ്ടും മൂടി ഇട്ടാണു ദിവസവും നെല്ല് സംരക്ഷിക്കുന്നത്.