ആവശ്യപ്പെട്ടതിൽ അധികം തുക വായ്പ അനുവദിച്ച് മറ്റൊരാൾക്കു നൽകി; ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ
Mail This Article
കുട്ടനാട് ∙ ഒന്നര ലക്ഷം രൂപ വായ്പ എടുക്കാനെത്തിയ ആളെ കബളിപ്പിച്ച് 5 ലക്ഷം രൂപയുടെ വായ്പ എടുത്തശേഷം 3.5 ലക്ഷം മറ്റൊരാൾക്കു നൽകിയ സംഭവത്തിൽ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ. രാമങ്കരി 4041–ാം നമ്പർ സഹകരണ ബാങ്കിലാണു വായ്പത്തട്ടിപ്പ് നടന്നത്. തട്ടിപ്പിനു കൂട്ടുനിന്ന ജീവനക്കാരൻ എൻ.വി.ബിനേഷ്കുമാറിനെ ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തു. ബിനേഷും രാമങ്കരിയിലെ ഒരു പഞ്ചായത്ത് അംഗവും ചേർന്നാണു സാമ്പത്തിക തിരിമറി നടത്തിയതെങ്കിലും സംഭവം ഒത്തുതീർപ്പാക്കിയതിനാൽ ഇരുവർക്കുമെതിരെ പൊലീസ് കേസില്ല.
1.5 ലക്ഷം വായ്പ ആവശ്യപ്പെട്ട് എത്തിയയാളുടെ പേരിൽ അയാൾ അറിയാതെ 5 ലക്ഷം വായ്പ അനുവദിച്ച ബിനേഷ്കുമാർ, ബാക്കി 3.5 ലക്ഷം പഞ്ചായത്ത് അംഗത്തിനു നൽകുകയായിരുന്നു. വായ്പ നൽകിയ സമയത്തു ബാങ്ക് സെക്രട്ടറി അവധിയിലായിരുന്നതിനാൽ പകരം ചുമതല ബിനേഷിനായിരുന്നു. ഈ അവസരം മുതലാക്കിയാണു തട്ടിപ്പു നടത്തിയത്. വായ്പ തിരിച്ചടയ്ക്കാൻ തന്റെ അടുക്കൽതന്നെ എത്തണമെന്നു ബിനേഷ് പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ഡിസംബറിൽ ഇയാൾ അവധിയിലായിരുന്ന ദിവസം തിരിച്ചടവിനായി എത്തിയപ്പോഴാണു 5 ലക്ഷം രൂപയാണു വായ്പ വാങ്ങിയതെന്നു വായ്പക്കാരൻ അറിഞ്ഞത്.
സംഭവം വിവാദമായതോടെ ഫെബ്രുവരിയിൽ പഞ്ചായത്തംഗം ബാക്കി തുക ബാങ്കിൽ തിരിച്ചടച്ചു പ്രശ്നം ഒത്തുതീർപ്പാക്കി. എന്നാൽ ക്രമക്കേട് സ്ഥിരീകരിച്ചതോടെ ബിനേഷ്കുമാറിനെതിരെ തുടർ നടപടികളുമായി മുന്നോട്ടു പോകാൻ ബാങ്ക് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് 8 ലക്ഷം രൂപയുടെ ക്രമക്കേടും ഇതേ ജീവനക്കാരൻ നടത്തിയിരുന്നു. 15 വർഷമായി എൽഡിഎഫ് നിയന്ത്രണത്തിലുള്ള ഭരണസമിതിക്കു കീഴിലായിരുന്ന ബാങ്കിൽ 2 വർഷമായി യുഡിഎഫിനാണ് ഭരണം.