വേനൽച്ചൂട്: കായൽമത്സ്യം കുറവ്; മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക്

Mail This Article
ചേർത്തല∙ വേനൽച്ചൂടും കായലിൽ മത്സ്യത്തിന്റെ ലഭ്യതക്കുറവും കാരണം ഉൾനാടൻ മത്സ്യമേഖലയിൽ തൊഴിലാളികൾ പട്ടിണിയിലേക്ക്. കൂടാതെ കായലിൽ മാലിന്യങ്ങൾ നിറഞ്ഞു മത്സ്യങ്ങൾ ചത്തു പൊങ്ങുന്നതും മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കി. ഇതുകാരണം ചേർത്തല താലൂക്കിൽ വേമ്പനാട്, കൈതപ്പുഴ, വയലാർ കായലുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന 40,000 ഉൾനാടൻ പരമ്പരാഗത മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികൾക്കും തൊഴിൽ നഷ്ടമാകുന്നതോടെ കുടുംബങ്ങളും പട്ടിണിയിലാകുന്നു.
ദിവസങ്ങളായി തുടരുന്ന വേനൽച്ചൂട് കാരണം പകൽ തൊഴിലാളികൾക്കു കായലിൽ മത്സ്യബന്ധനത്തിനു പോകാൻ കഴിയുന്നില്ല. പുലർച്ചെയും സന്ധ്യ സമയങ്ങളിലും മാത്രമാണു നിലവിൽ മത്സ്യബന്ധനത്തിനു പോകുന്നത്.മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ ചുരുങ്ങിയ സമയങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതിനാൽ നിത്യച്ചെലവിനു പോലും വരുമാനം ലഭിക്കുന്നില്ല. പരമ്പരാഗതമായി കായലിൽ നിന്നു ലഭിച്ചുകൊണ്ടിരുന്ന കൊഴുവ, ഞണ്ട്, കരിമീൻ, കൂരി, പൂളാൻ, കോര തുടങ്ങിയ മത്സ്യങ്ങൾ പോലും ലഭിക്കുന്നില്ല. കായലിൽ കൂടുതലായി ലഭിച്ചുകൊണ്ടിരുന്ന ചെമ്മീനിന്റെയും ലഭ്യതയും വളരെ കുറഞ്ഞു.
പ്രതിഷേധം 24ന്
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടിയന്തരമായി തുറക്കുക, കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് പഠിക്കുന്നതിനു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുക, വേമ്പനാട് കായൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 24ന് തണ്ണീർമുക്കം ഇറിഗേഷൻ പ്രോജക്ട് ഓഫിസിനു മുന്നിൽ ചേർത്തല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. രാവിലെ 10ന് നടക്കുന്ന സമരം ധീവരസഭ സംസ്ഥാന സെക്രട്ടറി എൻ.ആർ.ഷാജി ഉദ്ഘാടനം ചെയ്യും.