വേമ്പനാട് കായൽ പുനരുജ്ജീവനം: തണ്ണീർത്തടത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇന്റർപ്രട്ടേഷൻ സെന്ററും
Mail This Article
ആലപ്പുഴ ∙ വേമ്പനാട് കായൽയാത്രയും കുട്ടനാടൻ പാടശേഖരങ്ങളുടെ പച്ചപ്പും ആസ്വദിച്ചു മടങ്ങിയിരുന്ന സഞ്ചാരികൾക്ക് ഇനി വേമ്പനാട് തണ്ണീർത്തടത്തിന്റെ ചരിത്രവും പ്രാധാന്യവും സ്വയം പഠിക്കാം. കുട്ടനാടും വേമ്പനാട് കായലും ഉൾപ്പെടുന്ന വേമ്പനാട് തണ്ണീർത്തടത്തെക്കുറിച്ച് അറിയാനും കൂടുതൽ പഠിക്കാനുമായി വേമ്പനാട് ഇന്റർപ്രട്ടേഷൻ സെന്റർ ആരംഭിക്കുന്നതു ജില്ലാ ഭരണകൂടത്തിന്റെ സജീവ പരിഗണനയിലാണ്. വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പുമായി ചേർന്നു വേമ്പനാട് ഇന്റർപ്രട്ടേഷൻ സെന്റർ സജ്ജമാക്കാനുള്ള ശുപാർശ ഉടൻ സർക്കാരിനു സമർപ്പിക്കും.
രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന സ്ഥലമായ കുട്ടനാട് എങ്ങനെ സമുദ്രനിരപ്പിനു താഴെ നിലനിൽക്കുന്നു എന്നതടക്കമുള്ള വിവരങ്ങൾ വിദേശ വിനോദ സഞ്ചാരികളിൽ കൗതുകമുണ്ടാക്കുന്നുണ്ട്. എന്നാൽ ഇത്തരം ശാസ്ത്രീയ വിവരങ്ങളും കുട്ടനാടിന്റെ സാംസ്കാരിക പൈതൃകവും വിവരിക്കാൻ ഒരു കേന്ദ്രത്തിന്റെ അഭാവമുണ്ടായിരുന്നു. വേമ്പനാട് തണ്ണീർത്തടവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാക്കുന്ന വിധമാണ് ഇന്റർപ്രട്ടേഷൻ സെന്റർ ആലോചിക്കുന്നത്. തണ്ണീർത്തടം രൂപംകൊണ്ടതു മുതലുള്ള ചരിത്രവും മണ്ണിന്റെയും പ്രകൃതിയുടെയും പ്രത്യേകതകളും ഇവിടെ വിവരിക്കും.
ജലനിരപ്പിനു താഴെയുള്ള നെൽക്കൃഷിയും ജീവിതവും സഞ്ചാരികൾക്കു കൂടുതൽ അടുത്തറിയാൻ ഇതു സഹായിക്കുമെന്നാണു വിലയിരുത്തൽ. പദ്ധതിയുടെ ശുപാർശ തയാറാക്കുകയാണെന്നും ഈ മാസം തന്നെ സമർപ്പിക്കുമെന്നും കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ടു തോടുകൾ ശുചീകരിച്ചു തിട്ടകളിൽ രാമച്ചം, കണ്ടൽ തുടങ്ങിയവ വച്ചു പിടിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. കായലിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കാനും പദ്ധതിയുണ്ട്. 8 വകുപ്പുകളുമായി ബന്ധപ്പെട്ടു സംസ്ഥാന ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി കൂടുതൽ പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമത്തിലാണു ജില്ലാ ഭരണകൂടം.