ക്യാപ്റ്റനെ അവസാന യാത്രയാക്കാൻ ടീം എത്തിയത് ട്രോഫിയും ബാറ്റുമായി; അഖിലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

Mail This Article
കുട്ടനാട് ∙ കൊടുപ്പുന്നയിൽ മിന്നലേറ്റു മരിച്ച അഖിലിന്റെ സംസ്കാരം നടത്തി. കൊടുപ്പുന്ന ഗ്രാമത്തിന്റെ ആകാശത്തു ഇന്നലെ വൈകിട്ടു 4 മണിയോടെ കാർമേഘം മൂടികെട്ടി മഴത്തുള്ളികൾ കണ്ണീരായി പെയ്തിറങ്ങിയ സമയത്താണു മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കൊടുപ്പുന്ന സെന്റ് ജോസഫ്സ് പള്ളിയിലെത്തിയത്. അഖിലിനെ അവസാനമായി ഒരു നോക്കു കാണാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ളവർ കൊടുപ്പുന്നയിലേക്ക് ഒഴുകിയെത്തി. അഖിൽ ക്യാപ്റ്റനായ കൊടുപ്പുന്ന ദർശന ടീം അവസാനം നേടിയ ട്രോഫിയും ക്രിക്കറ്റ് ബാറ്റുമായിട്ടാണു ടീമിലെ ജൂനിയർ താരങ്ങൾ വിലാപയാത്രയെ അനുഗമിച്ചത്.
വിലാപയാത്ര പള്ളിയിലെത്തിയെതോടെ മഴയ്ക്കു ശമനമായി. പിന്നീട് പള്ളിയും പരിസരവും കണ്ണീർമഴയിലമർന്നു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കാൻ പള്ളിയിലെത്തിയവർക്കു സാധിക്കാത്ത നിമിഷങ്ങളായിരുന്നു. പ്രിയ സുഹൃത്തിന്റെ ഓർമ നിലനിർത്താൻ ബാറ്റും കഴിഞ്ഞ കേരളോത്സവത്തിൽ വിജയികൾക്കായവർക്കുള്ള ട്രോഫിയും കല്ലറയുടെ മുകളിൽ വച്ചാണു സുഹൃത്തുക്കൾ പള്ളിയിൽ നിന്നു പോയത്.ക്രിക്കറ്റിനെയും വള്ളംകളിയെയും ഏറെ പ്രണയിച്ച കൊടുപ്പുന്ന ഗ്രാമോത്സവ നഗറിൽ പുതുവൽ ലക്ഷംവീട്ടിൽ അഖിൽ പി.ശ്രീനിവാസനു ഞായറാഴ്ച വൈകിട്ട് 4 മണിയോടെ ക്രിക്കറ്റ് കളിക്കാനുള്ള തയാറെടുപ്പിനിടെയാണു മിന്നൽ ഏറ്റത്.
കളിക്കാൻ മൈതാനമില്ലാത്ത പ്രദേശമായതിനാൽ പുഞ്ചക്കൊയ്ത്തു കഴിഞ്ഞ കൃഷിയിടമാണു മൈതാനമാക്കുന്നത്. ജോലിത്തിരക്കു കാരണം ഇത്തവണ കൃഷിയിടത്തിലെ മൈതാനത്ത് ആദ്യമായി കളിക്കാൻ എത്തിയപ്പോഴാണു ദാരുണ സംഭവം നടന്നത്. ഞായറാഴ്ച കളിക്കാൻ അഖിലാണ് എല്ലാവരെയും വിളിച്ചു വരുത്തിയത്. റോഡിൽ നിന്നു കൃഷിയിടത്തിലേക്ക് ആദ്യം ഇറങ്ങിയതും അഖിലായിരുന്നു. പിന്നാലെ ശരണും പ്രണവും ഇറങ്ങി. ഈ സമയത്താണു മിന്നലുണ്ടായത്.