60 മുതൽ 90 വയസ്സ് വരെയുള്ളവരുടെ കൂട്ടായ്മ: മനസ്സ് ചെറുപ്പമെങ്കിൽ ‘ട്രിപ് മോഡ്’ ഓൺ

Mail This Article
ചെങ്ങന്നൂർ∙ പ്രായത്തെ കാതങ്ങൾ പിന്നിലാക്കി മലയും കടലും താണ്ടി വാർധക്യം ആഘോഷമാക്കുകയാണു ചെങ്ങന്നൂരിലെ സീനിയർ സിറ്റിസൻസ് ഫോറം അംഗങ്ങൾ. 60 മുതൽ 90 വയസ്സ് വരെയുള്ളവരുടെ കൂട്ടായ്മയിലെ 44 പേരടങ്ങുന്ന സംഘം ഇന്നു കൊച്ചി വിമാനത്താവളത്തിൽ നിന്നു മുംബൈയിലേക്കു പറക്കും. അവിടെനിന്നു ആഡംബര ക്രൂയിസിൽ തിരികെ കൊച്ചിയിലേക്ക്.
1992ൽ പ്രവർത്തനമാരംഭിച്ച ചെങ്ങന്നൂർ സിറ്റിസൻസ് ഫോറത്തിൽ 50ലേറെ അംഗങ്ങളുണ്ട്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കെ.ജെ.ജോർജ്, തോമസ് കുതിരവട്ടം, സദാശിവൻ നമ്പൂതിരി, കെ. രാധാകൃഷ്ണൻ നായർ തുടങ്ങിയവരാണു ഫോറത്തിലെ മുതിർന്ന അംഗങ്ങൾ. സംഗമങ്ങളും യാത്രകളുമായി വിരമിക്കൽ ജീവിതം ആഘോഷമാക്കുകയാണ് ഇവർ. വന്ദേഭാരത് ട്രെയിനിൽ സീനിയർ സിറ്റിസൻസ് ഫോറം നടത്തിയ കോഴിക്കോട് യാത്ര സമൂഹമാധ്യമങ്ങളിൽ ‘ഹിറ്റായിരുന്നു’.
ഫോറത്തിലെ അംഗമായ സിസ്സി കുരുവിളയാണ് ‘നമുക്കൊരു ക്രൂയിസ് യാത്ര പോയേക്കാം’ എന്ന ആശയം മുന്നോട്ടു വച്ചത്. പലർക്കും കപ്പൽയാത്ര ആദ്യാനുഭവമാണ്. പ്രായവും വാർധക്യവും അക്കങ്ങൾ മാത്രമാണെന്നും മനസ്സിന്റെ ചെറുപ്പമാണു യാത്രകളെയും വിരമിക്കൽ ജീവിതത്തെയും സന്തോഷകരമാക്കുന്നതെന്ന സന്ദേശം സമൂഹത്തോടു പറയാനാണു തങ്ങളുടെ ആഗ്രഹമെന്നു ഫോറത്തിന്റെ സംഘാടകർ പറയുന്നു.
എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച ചേരുന്ന ‘ഡിന്നർ മീറ്റിങ്ങിൽ’ സ്ഥിരം സംഗമങ്ങൾ എന്നതിലുപരി കൂട്ടത്തിലെ കലാകാരൻമാരുടെ പ്രകടനങ്ങളും പാട്ടുകളും മത്സരങ്ങളും ഇഷ്ടപ്പെട്ട ഭക്ഷണ രുചികളുമായി സന്തോഷം പങ്കിടാറുണ്ട്. മാതാപിതാക്കളുടെ സന്തോഷത്തിനായി മക്കളുടെ പൂർണ പിന്തുണ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്കു കരുത്തുപകരുന്നു. യാത്രകൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഫോറം നേതൃത്വം നൽകുന്നുണ്ട്. പി.ഡി.ഷാജി (പ്രസി), കെ.ജെ.തോമസ് (സെക്ര), പി.എ.തോമസ് (ട്രഷ) എന്നിവരാണു ചെങ്ങന്നൂർ സീനിയർ സിറ്റിസൻസ് ഫോറത്തിന്റെ ഭാരവാഹികൾ.