വരട്ടാറിൽ മണലൂറ്റെന്ന് ആരോപണം; മണലെടുപ്പ് തടഞ്ഞ് നാട്ടുകാർ

Mail This Article
ചെങ്ങന്നൂർ ∙ വരട്ടാർ നവീകരണത്തിന്റെ പേരിൽ മണലൂറ്റ് നടക്കുന്നതായി ആരോപണം. പരുമൂട്ടിൽകടവ് പാലത്തിനു സമീപം മണലെടുക്കുന്നതു നാട്ടുകാർ തടഞ്ഞു. 2018ലെ പ്രളയത്തിൽ ഒഴുകിയെത്തിയ മണ്ണും ചെളിയും നീക്കി ജലം ഒഴുക്ക് സുഗമമാക്കാനാണ് ഇറിഗേഷൻ വകുപ്പ് ആദിപമ്പ–വരട്ടാർ പുനരുജ്ജീവന പ്രവൃത്തനങ്ങൾ നടത്തുന്നതെന്ന് പ്രദേശത്തു സ്ഥാപിച്ച പദ്ധതിയുടെ ബോർഡിൽ പറയുന്നുണ്ടെങ്കിലും ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പലയിടത്തും നദിയിൽ നിന്നു മണൽ മാത്രം നീക്കം ചെയ്യുകയാണെന്ന് ഇവർ പറയുന്നു. ഇതു ചോദ്യം ചെയ്തു നാട്ടുകാർ പരുമൂട്ടിൽകടവിൽ ജോലികൾ തടയുകയായിരുന്നു.
മണലൂറ്റിനെ തുടർന്നാണ് സമീപത്തെ വീട്ടിലെ കിണറ്റിൽ വെള്ളം വലിഞ്ഞതെന്നു നാട്ടുകാർ പറയുന്നു. നിലവിൽ ചെളി നിറഞ്ഞ വെള്ളമാണ് കിണറ്റിലുള്ളത് ഇതു കാരണം അയൽവീട്ടിലെ കിണറ്റിൽ നിന്നാണ് ഇവർ വെള്ളമെടുക്കുന്നത്. ചേലൂർകടവ് ഭാഗത്ത് നദിയിൽ തുരുത്തുകൾ രൂപപ്പെട്ടത് ചെളിയും മണ്ണും നീക്കാതെ മണൽ മാത്രം നീക്കിയതിനാലാണെന്നും നാട്ടുകാർ പറയുന്നു.

ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ മണലെടുക്കൂ എന്ന് കഴിഞ്ഞ മാസം കോഴഞ്ചേരിയിൽ എക്സിക്യൂട്ടീവ് എൻജിനീയറുടെ സാന്നിധ്യത്തിൽ വരട്ടാർ ആക്‌ഷൻ കൗൺസിൽ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നതാണ്. ഇതു പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വൈകിട്ട് 6മണിക്കു േശഷം മണൽനീക്കം പാടില്ലെന്നും വ്യവസ്ഥ ചെയ്തിരുന്നെങ്കിലും ഇതും ലംഘിക്കപ്പെടുന്നതായി നാട്ടുകാർ പറയുന്നു. ആദിപമ്പയിൽ മൂന്നിടത്ത് ചിറകെട്ടിയ ശേഷമാണു ജോലികൾ നടത്തുന്നത്.