രാജ്യാന്തര വനദിനം ആചരിച്ച് ക്രിസ്ത്യൻ കോളജ് വിദ്യാർഥികൾ

Mail This Article
ചെങ്ങന്നൂർ ∙ വൃക്ഷമുത്തച്ഛനെ ആദരിച്ചും പക്ഷികൾക്കു ദാഹജലം നൽകിയും രാജ്യാന്തര വനദിനം ആചരിച്ചു ക്രിസ്ത്യൻ കോളജ് വിദ്യാർഥികൾ. വനം വകുപ്പ് ചെങ്ങന്നൂർ റേഞ്ചിന്റെയും ക്രിസ്ത്യൻ കോളജിലെ ഭൂമിത്രസേന ക്ലബ്, സുവോളജി വകുപ്പ് എന്നിവയുടെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ. എംസി റോഡരികിൽ ക്രിസ്ത്യൻ കോളജ് ജംക്‌ഷനിൽ നിൽക്കുന്ന ആൽമരത്തെ വിദ്യാർഥികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്ന് പൂമാല അണിയിച്ച് ആദരിച്ചു.
ക്യാംപസിൽ എത്തുന്ന പക്ഷികൾക്ക് ദാഹജലം നൽകുന്നതിനായി വിവിധയിടങ്ങളിൽ മൺചട്ടികളിൽ വിദ്യാർഥികളുടെ സഹായത്തോടെ വെള്ളം ക്രമീകരിച്ചു. ഈ വർഷത്തെ രാജ്യാന്തര വനദിനാചരണത്തിന്റെ ചിന്താവിഷയമായ വനങ്ങളും ഭക്ഷണവും എന്നതിനെ ആസ്പദമാക്കി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. കെ. രാജേഷ് പ്രഭാഷണം നടത്തി.
പാമ്പു വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിയുടെ ഭാഗമായി സ്നേക്ക് റസ്ക്യൂ സംബന്ധിച്ച് വനം വകുപ്പിന്റെ ശാസ്ത്രീയ പരിശീലനം ലഭിച്ച ക്രിസ്ത്യൻ കോളജിലെ വിദ്യാർഥികളായ വി.എച്ച്. ജിഷ്ണു, ജി.എച്ച്. വിഷ്ണു എന്നിവരെ കോളജ് പ്രിൻസിപ്പൽ പ്രഫ.എ. ഏബ്രഹാം ആദരിച്ചു.
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ഒരാഴ്ച നീളുന്ന പരിപാടികളാണ് വനദിനാചരണത്തിന്റെ ഭാഗമായി കോളജ് സംഘടിപ്പിക്കുന്നത്. അധ്യാപകരായ ഡോ. ആർ. അഭിലാഷ്, ഡോ. ആനീസ് ജോസഫ്, ഡോ. പ്രീത കാരണവർ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ആർ.ആർ. രാജേഷ്, വിദ്യാർഥികളായ സ്വാലിഹ, സുധീഷ് എന്നിവർ പ്രസംഗിച്ചു.