വിരലടയാളം പതിയാതിരിക്കാൻ കയ്യുറ; പക്ഷേ, കയ്യിലെ പച്ചകുത്തിയ പാട് വിനയായി; ‘മിഷൻ കട്ടുപൂച്ചൻ സക്സസ്’

Mail This Article
ആലപ്പുഴ ∙ സംസ്ഥാനത്തു നടന്ന കുറുവസംഘം മോഷണങ്ങളിലെ പ്രധാനി പിടിയിൽ. തമിഴ്നാട് രാമനാഥപുരം പാറമക്കുടി എംജിആർ നഗറിൽ കട്ടുപൂച്ചൻ (56) ആണു സ്വന്തം നാട്ടിൽ നിന്നു മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഇതോടെ സംസ്ഥാനത്തെ കുറുവ മോഷണക്കേസുകളിലെ അവസാന പ്രതിയും പിടിയിലായെന്നു പൊലീസ് അറിയിച്ചു. മണ്ണഞ്ചേരിയിൽ നവംബറിൽ നടന്ന രണ്ടു മോഷണങ്ങളുമായി ബന്ധപ്പെട്ടാണു കട്ടുപൂച്ചൻ പിടിയിലായതെങ്കിലും മറ്റു ജില്ലകളിലും ഇയാൾക്കെതിരെ മോഷണക്കേസുകളുണ്ട്. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകൾ ലക്ഷ്യമിട്ടാണു മോഷണം നടത്തിയിരുന്നത്.
മോഷണത്തിനൊപ്പം വീട്ടിലുള്ളവരെ ഉപദ്രവിക്കുന്നതു പതിവാണെന്നും പൊലീസ് പറഞ്ഞു. കുറുവ മോഷണവുമായി ബന്ധപ്പെട്ടു ജില്ലയിലെ നാലാമത്തെ അറസ്റ്റാണിത്.കുറുവ സംഘത്തിന്റെ മോഷണങ്ങളുമായി ബന്ധപ്പെട്ടു പിടിയിലായ പ്രധാന പ്രതി സന്തോഷ് ശെൽവത്തിന്റെ കൂട്ടാളിയാണു കട്ടുപൂച്ചൻ. സന്തോഷിനെ ചോദ്യം ചെയ്തപ്പോഴാണ്, മോഷണങ്ങൾക്ക് ഒപ്പമുണ്ടായിരുന്നതു കട്ടുപൂച്ചനാണെന്ന വിവരം ലഭിച്ചത്. നവംബർ 12നാണു മണ്ണഞ്ചേരിയിൽ ഇവർ മോഷണം നടത്തിയത്.
റോഡുമുക്കിനു പടിഞ്ഞാറ് മാളിയേക്കൽ ഇന്ദു കുഞ്ഞുമോൻ, കോമളപുരം നായിക്യംവെളി വി.എ.ജയന്തി എന്നിവരുടെ വീടുകളിലായിരുന്നു മോഷണം നടന്നത്. ഇതിനു പുറമേ പുന്നപ്രയിൽ വീട്ടിൽ കയറി സ്വർണം കവർന്നതും കളരി അഭ്യാസിയായ യുവാവിനെ രാത്രി ആക്രമിച്ചതും ഇയാളാണ്. എന്നാൽ യുവാവിനെ ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്യാത്തതിനാൽ അതിൽ അറസ്റ്റ് രേഖപ്പെടുത്താനാകില്ല.
2013ൽ മാരാരിക്കുളത്ത് അമ്മയും മകളും മാത്രമുള്ള വീട്ടിൽ കയറി അവരെ ആക്രമിച്ചു സ്വർണം കവർന്ന കേസിൽ കട്ടുപൂച്ചനെ 18 വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്തു ജയിൽ ഒഴിപ്പിക്കലിന്റെ ഭാഗമായി 2020ൽ പുറത്തിറങ്ങിയതോടെ വീണ്ടും മോഷണം തുടരുകയായിരുന്നു. പുന്നപ്ര, പുളിങ്കുന്ന്, കോട്ടയം ജില്ലയിലെ കടത്തുരുത്തി, എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ, വടക്കേക്കര എന്നിവിടങ്ങളിലും ഇയാൾ മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാളുടെ വിരലടയാളം വച്ചു തിരച്ചിൽ നടത്തിയാൽ കൂടുതൽ കേസുകൾ കണ്ടെത്താനാകുമെന്നും പൊലീസ് പറഞ്ഞു. സംസ്ഥാനത്ത് ഇനി കുറുവ മോഷണം ഉണ്ടാകരുതെന്ന് ഉറപ്പിച്ചു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ മാസങ്ങളോളം നീണ്ട അന്വേഷണത്തിലാണു കുറുവ സംഘത്തിലെ എല്ലാവരും പിടിയിലായത്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മണ്ണഞ്ചേരി എസ്എച്ച്ഒ ടോൾസൺ പി.ജോസഫ്, ആന്റി കുറുവ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ യു.ഉല്ലാസ്, സീനിയർ സിപിഒമാരായ കെ.എസ്.ഷൈജു, പി.ബി.ജഗദീഷ്, രജീഷ് രവി, സൈബർസെൽ എസ്ഐ സുധീർ എന്നിവരുൾപ്പെട്ട സംഘമാണു മധുരയിലെത്തി പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയിൽ കാട്ടുപൂച്ചൻ്റെ വലതുകാലിന് ഒടിവെന്ന് ഡോക്ടർ കണ്ടെത്തി.
യാത്രയ്ക്കിടയിൽ വിശ്രമത്തിനായി വാഹനം നിർത്തിയ ശേഷം തിരികെ കയറ്റിയപ്പോൾ ഡോർ അടച്ചതിനെ തുടർന്ന് കാല് ഇടയിൽ പെട്ട് ഒടിഞ്ഞതാണെന്ന് കോടതിയോട് മണ്ണഞ്ചേരി പോലീസ് പറഞ്ഞു മധുരയിൽ നിന്നു പ്രതിയുമായി എത്തിയ സംഘത്തെ ആലപ്പുഴ ഡിവൈഎസ്പി എം.ആർ.മധുബാബുവിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചും പാർട്ടി പോപ്പർ പൊട്ടിച്ചും ആഘോഷമായാണു സ്വീകരിച്ചത്.

മിഷൻ കട്ടുപൂച്ചൻ
ആലപ്പുഴ∙ കുറുവ മോഷണക്കേസിലെ മറ്റു പ്രതികളെ പൊലീസ് കണ്ടെത്തിയപ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ കട്ടുപൂച്ചനെ കണ്ടെത്താനായിരുന്നില്ല. ഇതോടെ ‘മിഷൻ കട്ടുപൂച്ചൻ’ എന്ന പേരിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. മുൻപു മൂന്നു തവണ കട്ടുപൂച്ചനെ അന്വേഷിച്ചു പൊലീസ് സംഘം മധുരയിലെത്തിയെങ്കിലും കണ്ടെത്താനായില്ല.മധുരയിൽ കട്ടുപൂച്ചനായി തിരച്ചിൽ നടത്തിയിരുന്ന മണ്ണഞ്ചേരി എസ്എച്ച്ഒ ടോൾസൺ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം 29നു പുലർച്ചെ 12നു തിരികെ നാട്ടിലെത്തിയിരുന്നു.
ഏറെ ദിവസത്തെ യാത്രയുടെ ക്ഷീണമകറ്റലും സഹപ്രവർത്തകരുടെ വിരമിക്കൽ പരിപാടിയിൽ പങ്കെടുക്കലുമായിരുന്നു ലക്ഷ്യം. എന്നാൽ വീടിനു സമീപത്തെ തട്ടുകടയിൽ കട്ടുപൂച്ചൻ എത്തിയിട്ടുണ്ടെന്ന വിവരം രാവിലെ പൊലീസിനു ലഭിച്ചു. ഇതോടെ രാവിലെ 11നു വീണ്ടും മധുരയ്ക്കു പുറപ്പെട്ടു. രാത്രിയിൽ കട്ടുപൂച്ചൻ പിടിയിലാകുകയും ചെയ്തു.
തിരിച്ചറിഞ്ഞത് പച്ചകുത്തിയ പാടിലൂടെ
മോഷണത്തിനിടെ വിരലടയാളം പതിയാതിരിക്കാൻ കയ്യുറ ധരിക്കുകയും തോർത്തു വച്ചു മുഖം മറയ്ക്കുകയും ചെയ്തിരുന്ന കട്ടുപൂച്ചനെ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചതു കയ്യിലെ പച്ചകുത്തിയ പാട്. ചുരുക്കം സാഹചര്യങ്ങളിൽ മാത്രമാണു മുഖം വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുള്ളത്. അടിവസ്ത്രം മാത്രം ധരിച്ചു മോഷണത്തിനിറങ്ങുന്ന കുറുവ കൊള്ളക്കാരുടെ രീതി പിന്തുടർന്നിരുന്നതിനാൽ മുഖം മറച്ചാലും കട്ടുപൂച്ചൻ കൈകൾ മറച്ചിരുന്നില്ല. ഈ പാട് മോഷ്ടാക്കൾക്കിടയിൽ കട്ടുപൂച്ചനെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചു.