ചൂട് കൂടി; പച്ചക്കറി ഉൽപാദനം പകുതിയായി

Mail This Article
എടത്വ ∙ കടുത്ത ചൂടു കാരണം പച്ചക്കറി ഉൽപാദനം പകുതിയായി കുറഞ്ഞെന്നു കർഷകർ. പയർ, പടവലം പോലുള്ള പച്ചക്കറികൾ സാധാരണ വിളവെടുപ്പ് ആരംഭിച്ചു 3 മാസത്തിലേറെ തുടർച്ചയായി വിളവ് എടുക്കുകയായിരുന്നു പതിവ്. ഇക്കുറി ഒന്നര മാസം പോലും വിളവ് ലഭിച്ചില്ല എന്നാണു കർഷകർ പറയുന്നത്. ഉൽപന്നത്തിന് മതിയായ വില ഉണ്ടായിരുന്നിട്ടും വിളവ് കുറഞ്ഞതിനാൽ മുൻ കാലങ്ങളിൽ നിന്നും വളരെ കുറഞ്ഞ തുകയാണു കർഷകർക്കു ലഭിച്ചത്.
ജില്ലയിലെ 12 വിഎഫ്പിസികെ വിപണികളിൽ 3 വിപണിയിൽ മാത്രമാണ് ഒരു കോടിയിലേറെ വിൽപന നടന്നത്. ചെറിയനാട് 1.5 കോടി, തഴക്കര 1.11 കോടി, വെൺമണി 1.04 കോടി എന്നിവിടങ്ങളിൽ. കുട്ടനാട് രാമങ്കരി വിപണിയിൽ ആണ് ഏറ്റവും കുറവ് വിപണനം നടന്നത്; 10 ലക്ഷം മാത്രം. നൂറനാട് 85 ലക്ഷം, താമരക്കുളം 83, വള്ളിക്കുന്നം 85, എടത്വ 65, പാണ്ടനാട് 55,ചെന്നിത്തല 20, ചേർത്തല 20, പാണാവള്ളി 11 എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലെ വിൽപന.
നെൽക്കൃഷി ചെയ്യുന്നതിനു സമീപം പുരയിടങ്ങളിലും മറ്റും കൃഷി ചെയ്ത കർഷകർക്ക് ഇക്കുറി ചാഴിയുടെ ആക്രമണം രൂക്ഷമായിരുന്നു. ചാഴി കുത്തി കായ്കൾ കേടാകുകയും വള്ളി പഴുത്ത് ഉണങ്ങുകയാണ് ഉണ്ടായത്. ഇതിനാൽ വിളവെടുക്കേണ്ട സമയത്ത് വൻ നഷ്ടം സംഭവിച്ചു. നല്ല ഉണക്കു സമയത്ത് ഇടയ്ക്കു പെയ്ത മഴയും ദോഷമായി എന്നും കർഷകർ പറയുന്നു. പയർ, പടവലം, വെള്ളരി, പാവൽ എന്നിവയെല്ലാം പുഴുക്കുത്തും, മുരടിപ്പും ഉണ്ടായതും നഷ്ടത്തിനു കാരണമായി.
വൻ തോതിൽ ചീര കൃഷി ചെയ്യുന്ന ചെറുതന ചെന്നിത്തല, പാണ്ടനാട് എന്നിവിടങ്ങളിൽ ഇക്കുറി ചീരക്കൃഷി കുറവായിരുന്നു. വിഷുവിപണിയിൽ എത്തിക്കേണ്ട കണിവെള്ളരിയും കുറവാണ്. ഏത്തവാഴക്കൃഷി വൻതോതിൽ നടത്തിയിട്ടുണ്ട്. എന്നാൽ കുലച്ചു തുടങ്ങുന്നതേയുള്ളൂ.