അമ്പലപ്പുഴ– തുറവൂർ റെയിൽപാത ഇരട്ടിപ്പിക്കൽ ഈ വർഷവും തുടങ്ങില്ല
Mail This Article
ആലപ്പുഴ∙ തീരദേശപാതയിൽ അമ്പലപ്പുഴ– തുറവൂർ ഭാഗത്തെ 50 കിലോമീറ്റർ റെയിൽപാത ഇരട്ടിപ്പിക്കൽ നടപടികൾ ഈ വർഷവും ആരംഭിച്ചേക്കില്ല. പദ്ധതികളുടെ പകുതിച്ചെലവ് സംസ്ഥാനം വഹിക്കുകയോ പദ്ധതി ലാഭകരമാകണമെന്ന നിബന്ധന റെയിൽവേ ഒഴിവാക്കുകയോ ചെയ്താലേ പദ്ധതി മുന്നോട്ടു നീങ്ങൂ. നിലവിൽ തീരദേശപാത ഇരട്ടിപ്പിക്കൽ ഉൾപ്പെടെ എസ്റ്റിമേറ്റിന് അനുമതിയില്ലാത്ത റെയിൽവേ പദ്ധതികൾക്ക് ബജറ്റ് വിഹിതമായി 460 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എങ്കിലും മുൻപറഞ്ഞ രണ്ടു സാധ്യതകളിലൊന്ന് ഇല്ലാതെ പദ്ധതി ആരംഭിക്കാനാകില്ല.അമ്പലപ്പുഴ– തുറവൂർ ഭാഗത്തു രണ്ടാംപാത നിർമിക്കുന്നതു ലാഭകരമാകില്ലെന്നാണു റെയിൽവേ കണക്കുകൂട്ടൽ. സംസ്ഥാന സർക്കാരിന്റെ സാമ്പത്തികസ്ഥിതിയിൽ പകുതി പണം നൽകാനുമിടയില്ല എന്നതും തിരിച്ചടിയാകും.
ഫലത്തിൽ എറണാകുളം– കുമ്പളം, കുമ്പളം– തുറവൂർ എന്നിവ ഉൾപ്പെടെ നാലു പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ മാത്രമേ സംസ്ഥാനത്തു നടപ്പാകാൻ സാധ്യതയുള്ളൂ. നാലു പദ്ധതികൾക്കായി 1366 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എറണാകുളം– കുമ്പളം, കുമ്പളം– തുറവൂർ റീച്ചുകളിൽ പാത ഇരട്ടിപ്പിക്കാൻ ആവശ്യമായ ഭൂമിയുടെ ഭൂരിഭാഗവും ഏറ്റെടുത്തു റെയിൽവേയ്ക്കു കൈമാറിയിട്ടുണ്ട്. പാലങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. തീരദേശപാതയിൽ അമ്പലപ്പുഴ മുതൽ എറണാകുളം വരെയാണു രണ്ടാംപാത നിർമിക്കാൻ ബാക്കിയുള്ളത്.
എന്നാൽ അമ്പലപ്പുഴ– തുറവൂർ പാത ഇരട്ടിപ്പിക്കലിനു രണ്ടു ബജറ്റുകളിലായി 750 കോടിയോളം രൂപ വകയിരുത്തിയിരുന്നു. എന്നാൽ ആകെ 1000 കോടി രൂപയ്ക്കു മുകളിൽ ചെലവു വരുന്ന പദ്ധതിയായതിനാൽ കേന്ദ്ര കാബിനറ്റിന്റെ ഉൾപ്പെടെ അംഗീകാരം ആവശ്യമാണ്. അംഗീകാരം ലഭിക്കാത്തതിനാൽ ബജറ്റിൽ അനുവദിച്ച തുക നഷ്ടപ്പെടാനാണു സാധ്യത.തുറവൂർ മുതൽ എറണാകുളം വരെയുള്ള ഭാഗം ഇരട്ടപ്പാതയായാലും അമ്പലപ്പുഴ മുതൽ തുറവൂർ വരെ ഒറ്റപ്പാതയായതിനാൽ യാത്രികരുടെ ബുദ്ധിമുട്ട് പൂർണമായും മാറില്ല.
മുക്കാൽ മണിക്കൂർ വൈകി മെമു
രാവിലെ 7.25ന് ആലപ്പുഴയിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ എറണാകുളം മെമു (66314) പലയിടത്തും പിടിച്ചിട്ട് എറണാകുളത്ത് എത്തിയപ്പോഴേക്കും 52 മിനിറ്റ് വൈകി. വിവിധ സ്ഥാപനങ്ങളിലും മറ്റും ജോലിക്കു പോകുന്നവർ സ്ഥിരമായി ആശ്രയിച്ചിരുന്ന ട്രെയിൻ പതിവിലും മുക്കാൽ മണിക്കൂർ വൈകിയതോടെ യാത്രികർ ഓഫിസിലെത്താൻ വൈകി. പലരും ഓട്ടോ പിടിച്ച് ഓഫിസിലെത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. ചിലരുടെ അരദിവസത്തെ ശമ്പളവും നഷ്ടപ്പെട്ടു. ഒറ്റപ്പാതയായതിനാൽ മറ്റു ട്രെയിനുകൾക്കു കടന്നുപോകാൻ ചേർത്തലയിൽ 25 മിനിറ്റ്, തുറവൂരിൽ 35 മിനിറ്റ് എന്നിങ്ങനെ ട്രെയിൻ പിടിച്ചിട്ടതാണു പ്രശ്നത്തിനു കാരണം. തീരദേശപാത പൂർണമായി ഇരട്ടിപ്പിച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള പിടിച്ചിടലുകൾ തുടരേണ്ടി വരും.