നിയന്ത്രണം ഇല്ല, അനധികൃത പാർക്കിങ്ങും: ചാരുംമൂട് ജംക്ഷന് അപകടം പെരുകുന്നു

Mail This Article
ചാരുംമൂട് ∙ വാഹനനിയന്ത്രണം ഇല്ലാത്തതും അനധികൃത പാർക്കിങ്ങും ചാരുംമൂട് ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു ഇതോടെ അപകടങ്ങളും ജംക്‌ഷനിൽ പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഗതാഗതനിയന്ത്രണത്തിന് ഇവിടെ പൊലീസിന്റെയോ ഹോം ഗാർഡിന്റെയോ സേവനം ഇല്ല. രാവിലെയും വൈകുന്നേരവും നൂറുകണക്കിന് വാഹനങ്ങളാണ് കെ–പി റോഡിലൂടെയും കൊല്ലം–തേനി ദേശീയപാതയിലൂടെയും ജംക്‌ഷനിലേക്ക് എത്തുന്നത്. സിഗ്നലുകൾ തെറ്റിച്ചു ജംക്‌ഷനിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. മുൻപ് ഇവിടെ ഹോം ഗാർഡിന്റെ സേവനം വൈകുന്നേരം 3 മുതൽ രാത്രി 8 വരെ ലഭ്യമായിരുന്നു.
ജംക്‌ഷന്റെ നാല് വശങ്ങളിലും 100 മീറ്റർ വരെ പാർക്കിങ് നിരോധിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും പ്രധാന കാരണമാണെന്നു നാട്ടുകാർ പറയുന്നു. അനധികൃത പാർക്കിങ്ങിനെതിരെ പൊലീസും മോട്ടർ വാഹനവകുപ്പും ഒരു വർഷം മുൻപ് നടപടികൾ സ്വീകരിച്ചെങ്കിലും പിന്നീട് തുടർ നടപടിയുണ്ടായില്ല. അനധികൃത പാർക്കിങ് നിരോധിക്കുകയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി രാവിലെയും വൈകുന്നേരവും ഹോം ഗാർഡിന്റെയോ പൊലീസിന്റെയോ സേവനം ലഭിക്കുകയും ചെയ്താൽ ചാരുംമൂട് ജംക്‌ഷനെ അപകടരഹിതമാക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
അപകടമുണ്ടാക്കുന്ന അമിതവേഗം
ഫ്ലയിങ് സ്ക്വാഡിന്റെ സേവനം കെ–പി റോഡിൽ ഉണ്ടെങ്കിലും വാഹനങ്ങളുടെ അമിതവേഗം അപകടം വർധിപ്പിക്കുന്നതായി പരാതി. പൊലീസ് കണക്കുകൾ പ്രകാരം കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ 15ൽ കൂടുതൽ അപകടങ്ങൾ കെ–പി റോഡിൽ നടന്നിട്ടുണ്ട്. വള്ളികുന്നം, കുറത്തികാട്, നൂറനാട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കെ–പി റോഡ്. പലപ്പോഴും അപകടങ്ങൾ ഉണ്ടായാൽ വള്ളികുന്നത്ത് നിന്നും കുറത്തികാട്ട് നിന്നും പൊലീസിനു സമയത്ത് ഓടിയെത്താൻ കഴിയാത്ത വന്നതോടെ കെ–പി റോഡിൽ ഫ്ലയിങ് സ്ക്വാഡിന്റെ സേവനം ഉറപ്പ് വരുത്തുകയായിരുന്നു. രണ്ടാഴ്ച മുൻപ് മോട്ടർ വാഹനവകുപ്പ് കെ–പി റോഡിൽ നടത്തിയ മിന്നൽ പരിശോധനയിൽ 15ൽ പരം കേസുകൾ റജിസ്റ്റർ ചെയ്തു. അമിതവേഗത്തിൽ മത്സര ഓട്ടം നടത്തിയ സ്വകാര്യ കെഎസ്ആർടിസി ബസുകൾക്കും ടിപ്പറുകൾക്കും താക്കീത് നൽകി വിട്ടയച്ചു.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം
കെ–പി റോഡിന്റെ ഇരുവശങ്ങളിലുമായി കായംകുളം മുതൽ അടൂർ വരെ 20ൽ പരം വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ കറ്റാനം, ചാരുംമൂട്, നൂറനാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നു 500 മീറ്റർ പരിധിയിൽ ഒട്ടേറെ വിദ്യാലയങ്ങളുമുണ്ട്. ഭൂരിപക്ഷം വിദ്യാർഥികളും കെ–പി റോഡിലൂടെയാണ് സൈക്കിളിലും കാൽനടയായും സ്കൂളിലേക്ക് യാത്ര ചെയ്യുന്നത്. അമിത വേഗത്തിൽ എത്തിയ ബസുകളും ടിപ്പർ ലോറികളും വിദ്യാർഥികളുടെ ജീവൻ കവർന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ടിപ്പറുകൾക്ക് ഏർപ്പെടുത്തിയ സമയക്രമം പാലിക്കാതെയാണ് ഇവ നിരത്തുകളിൽ ഇറങ്ങുന്നതെന്നു നാട്ടുകാർ പറയുന്നു.