ADVERTISEMENT

കായംകുളം  ∙ സ്വകാര്യ ആശുപത്രിയിൽ 2 ദിവസമായി ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചത് സംഘർഷത്തിനിടയാക്കി. ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തിൽ അജിത്തിന്റെയും ആര്യയുടെയും മകൾ ആദിലക്ഷ്മിയാണ് ഇന്നലെ രാവിലെ 8.30ന് ലിങ്ക് റോഡിലെ എബനേസർ ആശുപത്രിയിൽ മരിച്ചത്. പനിയും വയറുവേദനയുമായാണു കുട്ടിയെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി മരിച്ചതു ചികിത്സപ്പിഴവു മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ ബഹളമുണ്ടാക്കി. ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയുണ്ടായി. ആശുപത്രിക്കും കുട്ടിയുടെ ബന്ധുക്കൾക്കും എതിരെ പൊലീസ് കേസെടുത്തു.പ്രത്യേക വൈറസ് ബാധയാകാം മരണകാരണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനു ശേഷം അധികൃതർ പൊലീസിനെ അറിയിച്ചു. മറ്റു ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ ഇതു മരണത്തിനിടയാക്കുമെന്നും സംശയിക്കുന്നുണ്ട്.

ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ചാലേ കൃത്യമായ കാരണം പറയാനാകൂ എന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. അധിക ഡോസ് മരുന്ന് ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.കായംകുളത്തെ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലും മറ്റു പരിശോധനകളിലും കുട്ടിക്കു കുഴപ്പമൊന്നുമില്ലെന്നാണ് അധികൃതർ അറിയിച്ചെതെന്നു കുട്ടിയുടെ ബന്ധുക്കൾ പറയുന്നു.  ചികിത്സയിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാൽ അടുത്ത ദിവസം തന്നെ ബന്ധുക്കൾ മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ താൽപര്യം കാണിച്ചെങ്കിലും അതിനു സമ്മതിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ രാവിലെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഉടൻ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയിരുന്നു. 

തുടർന്നു ഡോക്ടറെത്തി പരിശോധിച്ചപ്പോഴാണു മരണം സ്ഥിരീകരിച്ചത്.ഇതോടെ രോഷാകുലരായ ബന്ധുക്കൾ ആശുപത്രി അധികാരികളോടു തട്ടിക്കയറിയതോടെ സംഘർഷമുണ്ടായി. സംഘർഷത്തിനിടെ ആശുപത്രി വളപ്പിലെ ചെടിച്ചട്ടികളും കെട്ടിടത്തിന്റെ ജനൽ ചില്ലുകളും തകർത്തു.കുട്ടി ഇന്നലെ രാവിലെ 8 വരെ സംസാരിച്ചിരുന്നെന്നും മറ്റ് അവശതകളൊന്നും ഇല്ലായിരുന്നെന്നും ആശുപത്രി അധികൃതർ പറയുന്നു. പെട്ടെന്നാണു സ്ഥിതി വഷളായത്. അതോടെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി അടിയന്തര ചികിത്സ നൽകിയെന്നും പറഞ്ഞു. ഡിവൈഎസ്പി: എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്. ഗവ. എൽപിഎസ് മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു ആദിലക്ഷ്മി. സംസ്കാരം നടത്തി.

English Summary:

Medical negligence allegations follow the death of a nine-year-old girl in Kayamkulam. A police investigation is underway, with a suspected viral infection cited as a possible cause of death.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com