തോട്ടപ്പള്ളി നാലുചിറയിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു

Mail This Article
അമ്പലപ്പുഴ ∙ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തോട്ടപ്പള്ളി നാലുചിറ ഗവ. ഹൈസ്കൂളിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു ഇതിന്റെ ഭാഗമായി പ്രത്യേക ആരോഗ്യ കേന്ദ്രവും ദുരിതാശ്വാസ ക്യാംപും ഒരുക്കിയിരുന്നു. തീരദേശ സമൂഹത്തിന്റെ സൂനാമി അതിജീവന തയാറെടുപ്പ് മെച്ചപ്പെടുത്തുകയും ജീവന്റെയും ഉപജീവന മാർഗങ്ങളുടെയും സ്വത്തിന്റെയും നഷ്ടം കുറയ്ക്കുകയും ലക്ഷ്യമിട്ടായിരുന്നു പരിപാടി.ഹോൺ മുഴക്കി ചീറി പാഞ്ഞെത്തിയ ആംബുലൻസിൽ നിന്നു പരുക്കേറ്റവരെ സന്നദ്ധ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ചേർന്ന് പുറത്തിറക്കി പ്രഥമ ശുശ്രൂഷ നൽകാനുള്ള മുറിയിലേക്ക് മാറ്റിയ ദൃശ്യം നാട്ടുകാർക്ക് വേറിട്ട കാഴ്ചയായി.
തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ രണ്ട് കെഎസ്ആർടിസി ബസുകളിലാണ് എത്തിച്ചത്.ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചതിനു പിന്നാലെ താലൂക്ക് ഇൻസിഡന്റ് കമാൻഡർമാരുടെ നേതൃത്വത്തിൽ ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. സിവിൽ ഡിഫൻസ്, ആപ്ത മിത്ര, പ്രവർത്തകർ സേവന സന്നദ്ധതയോടെ പ്രവർത്തിച്ചു. പ്രവർത്തനങ്ങൾ നേരിൽ കണ്ട് വിലയിരുത്താൻ യുനെസ്കോ പ്രതിനിധികളും എത്തി.എച്ച്.സലാം എംഎൽഎ പ്രവർത്തനങ്ങൾ വിലയിരുത്തി.
പൊലീസ് അഗ്നിരക്ഷാസേന, ഐടിബിപി, ഫിഷറീസ്, ആരോഗ്യവകുപ്പ്, ആർടിഒ, കെഎസ്ഇബി, കെഎസ്ആർടിസി വകുപ്പുകളിലെ ജീവനക്കാരും സജീവമായി ഉണ്ടായിരുന്നു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. സമുദ്ര ശാസ്ത്ര കമ്മിഷന്റെ സൂനാമി റെഡി പ്രോഗ്രാം പദ്ധതിയുടെ യോഗവും നടന്നു. സബ് കലക്ടർ സമീർ കിഷൻ, തഹസിൽദാർ എസ്.അൻവർ, ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് പ്രതിനിധികൾ, യുനെസ്കോ ഐഒസി സൂനാമി റെഡി സർട്ടിഫിക്കറ്റ് പദ്ധതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.