വെർച്വൽ അറസ്റ്റിലൂടെ 61 ലക്ഷം തട്ടിയ കേസ്: നേപ്പാൾ സ്വദേശികളടക്കം 4 പേർകൂടി അറസ്റ്റിൽ

Mail This Article
ചേർത്തല ∙നഗരത്തിലെ വ്യാപാരിയെ വെർച്വൽ അറസ്റ്റ് ചെയ്ത് 61.40 ലക്ഷം തട്ടിയെടുത്ത കേസിൽ 4 പേർകൂടി അറസ്റ്റിൽ. പ്രധാന പ്രതികളായ 2 നേപ്പാൾ സ്വദേശികളെയും 2 യുപി സ്വദേശികളെയുമാണു വ്യത്യസ്ത പൊലീസ് സംഘം ഡൽഹിയിലും യുപിയിലും എത്തി പിടികൂടിയത്.നേപ്പാൾ മൊറാങ് ജില്ലക്കാരായ പ്രിൻസ്‌ദേവ്(24), അജിത്ത് ഖഡ്ക(26)എന്നിവരെയാണ് അരൂർ എസ്ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ നിന്നു പിടികൂടിയത്. യുപി സ്വദേശികളായ രണ്ടു പേരെ ചേർത്തല എസ്ഐ കെ.പി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും അറസ്റ്റ് ചെയ്തു. ഇവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.പ്രതികളെ ചേർത്തലയിൽ എത്തിച്ച് ചോദ്യം ചെയ്യും. തുടർന്ന് അടുത്തദിവസം കോടതിയിൽ ഹാജരാക്കും. 2024 ജൂണിലാണ് വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടിയത്. ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെയും ബോംബെ പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥരാണെന്നു പറഞ്ഞാണു തട്ടിപ്പു നടത്തിയത്. ചേർത്തല പൊലീസ് അന്വേഷിക്കുന്ന കേസിൽ നിലവിൽ 11 പേർ പിടിയിലായിട്ടുണ്ട്.