‘കുട്ടനാടിന്റെ ഷെയ്ക്സ്പിയർ’ അരങ്ങൊഴിഞ്ഞു; ഞെട്ടലായി ജോസഫുകുഞ്ഞിന്റെ വിയോഗം

Mail This Article
കുട്ടനാട് ∙ ഷെയ്ക്സ്പിയർ നാടകങ്ങൾ അരങ്ങിലെത്തിച്ചു വിസ്മയം സൃഷ്ടിച്ച ജോസഫുകുഞ്ഞിന്റെ മരണത്തിന്റെ ഞെട്ടലിലാണു ശിഷ്യരും നാട്ടുകാരും സുഹൃത്തുക്കളും. കുട്ടനാടിന്റെ ഷെയ്ക്സ്പിയർ എന്ന് അറിയപ്പെടുന്ന ചമ്പക്കുളം സെന്റ് മേരീസ് എച്ച്എസ്എസിലെ റിട്ട. അധ്യാപകൻ ഊരുക്കരി നൊച്ചുവീട്ടിൽ ജോസഫുകുഞ്ഞാണ് (58) അപ്രതീക്ഷിതമായി അരങ്ങൊഴിഞ്ഞത്. പാഠപുസ്തകത്തിന്റെ ഏടുകൾക്കപ്പുറം കലയുടെയും സാഹിത്യത്തിന്റെയും ലോകത്തേക്കു തന്റെ ശിഷ്യരെ നയിച്ച മാതൃകാ അധ്യാപകൻ ആയിരുന്നു. 2022ലെ അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ അവാർഡ് ജേതാവാണ്.
ഷെയ്ക്സ്പിയറിന്റെ 7 നാടകങ്ങൾ 9 വർഷങ്ങൾ തുടർച്ചയായി ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെക്കൊണ്ട് അരങ്ങിൽ അവതരിപ്പിച്ചു. പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു. ഷെയ്ക്സ്പിയർ നാടകങ്ങളുടെ അവതരണത്തിനു വേണ്ടി സ്കൂളിൽ സ്ട്രാറ്റ്ഫഡ് സ്റ്റേജ് എന്ന നാടക തിയറ്റർ രൂപീകരിച്ചു. വിദ്യാർഥികൾക്ക് 5 മാസത്തെ പരിശീലനം നൽകി ഡയലോഗുകൾ ഹൃദിസ്ഥമാക്കിയാണു പൂർണമായി ഇംഗ്ലിഷിൽ ഓരോ നാടകങ്ങളും വേദിയിൽ അവതരിപ്പിച്ചത്.
ഷെയ്ക്സ്പിയർ നാടകങ്ങളിലെ കഥാപാത്രങ്ങളായ ഒഥല്ലൊ, ജൂലിയസ് സീസർ, മാർക്ക് ആന്റണി തുടങ്ങിയ വേഷങ്ങൾ അതിഗംഭീരമായി സ്റ്റേജിൽ അവതരിപ്പിച്ചു കാണികളുടെ കയ്യടി നേടിയ നടനുമായിരുന്നു അദ്ദേഹം. ജോസഫുകുഞ്ഞിന്റെ നിസ്വാർഥമായ പ്രവർത്തനങ്ങളെയും നാടകം അഭിനയിച്ച കുട്ടികളെയും സ്കൂൾ അധികൃതരെയും അനുമോദിച്ചു വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.രവീന്ദ്രനാഥ് അയച്ച കത്ത് സ്കൂളിലെ ഓഫിസിൽ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ലോക നാടകവേദിയിൽ നിന്ന് അരങ്ങ് ഒഴിഞ്ഞെങ്കിലും കുട്ടനാടൻ ഷെയ്ക്സ്പിയറായ ജോസഫുകുഞ്ഞ് ഷെയ്ക്സ്പിയർ കഥാപാത്രങ്ങളെപ്പോലെ ആരാധക മനസ്സുകളിൽ അമരനായി ജീവിക്കും.