ആലപ്പുഴ ജില്ലയിലെ താറാവു കർഷകർക്ക് പ്രതീക്ഷ നൽകി ഈസ്റ്റർ വിപണി

Mail This Article
എടത്വ ∙ പക്ഷിപ്പനിയും തുടർന്നുണ്ടായ നിരോധനവും മൂലം നഷ്ടക്കെണിയിൽ ആയ താറാവു കർഷകർക്ക് പ്രതീക്ഷ നൽകി ഈസ്റ്റർ വിപണി. പക്ഷിപ്പനി മൂലം നിർജീവമായിരുന്ന താറാവു കൃഷി ഒരു ഇടവേളയ്ക്കു ശേഷം സജീവമായതോടെ കർഷകരും താറാവു വിപണനം നടത്തുന്നവരും ആശ്വാസത്തിലാണ്. നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ ഈസ്റ്റർ വിപണി ലക്ഷ്യമിട്ടു കുട്ടനാടൻ താറാവുകൾക്കു പുറമേ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള താറാവുകളും ഇക്കുറി ധാരാളമായി എത്തിയിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ താറാവുകൾക്ക് പ്ലേഗ് പടർന്നിട്ടുണ്ടെന്ന കിംവദന്തികൾ ആശങ്ക പരത്തി. എന്നാൽ അത്തരം സംഭവങ്ങൾ ഒന്നും തന്നെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
ഈസ്റ്റർ വിപണി തകർക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നു കർഷകരും ആരോപിച്ചു.കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ തീറ്റയ്ക്കായി പതിനായിരക്കണക്കിനു താറാവുകളെയാണു ഇറക്കിയിട്ടുള്ളത്. താറാവു വളർത്തൽ സജീവമായതോടെ ചെന്നിത്തല, പള്ളിപ്പാട്, നെടുമ്പ്രം തുടങ്ങിയ സ്വകാര്യ ഹാച്ചറിയിൽ കുഞ്ഞുങ്ങളെ വിരിയിക്കുന്നുണ്ട്. ഇവിടെയെല്ലാം കുട്ടനാടൻ താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി ഇനങ്ങളിൽ പെട്ടതാണ് ആണ് കൂടുതലും വിരിയിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്നത് കുഴത്തല, ആറാണി എന്നീ ഇനങ്ങളെയാണ്. ഇവയ്ക്ക് കുട്ടനാടൻ താറാവുകളെ അപേക്ഷിച്ച് വലിപ്പം കൂടുതലാണ്. കുട്ടനാട്ടിലെ താറാവുകൾക്ക് ഒന്നിന് 250 രൂപ മുതൽ 300 രൂപ വരെ വിലയാണ്. നാട്ടിലെ കർഷകർ ഇതിനോടകം പൂവൻ താറാവ്, പിടത്താറാവ് എന്ന തരത്തിൽ വേർതിരിച്ചു കഴിഞ്ഞു. പല ചെറുകിട കച്ചവടക്കാരും പൂവൻ താറാവുകളെ വാങ്ങിത്തുടങ്ങി. ഏതാനും വരഷം മുൻപ് ഈസ്റ്റർ കാലത്ത് 10 ലക്ഷത്തോളം താറാവുകളെയാണു കുട്ടനാട്ടിൽ വിറ്റിരുന്നത്. എന്നാൽ അടുത്ത കാലങ്ങളിൽ 5 ലക്ഷത്തിൽ താഴെ മാത്രമാണു വിൽപന നടക്കുന്നത്.
പക്ഷിപ്പനിയെ തുടർന്ന് ഇക്കഴിഞ്ഞ ക്രിസ്മസ് കാലത്ത് താറാവു കച്ചവടം നിലയ്ക്കുകയും ലക്ഷങ്ങളുടെ നഷ്ടം കച്ചവടക്കാർക്ക് ഉണ്ടാകുകയും ചെയ്തിരുന്നു. പക്ഷിപ്പനി മൂലം കൊന്നൊടുക്കിയ താറാവുകൾക്കുള്ള നഷ്ടപരിഹാരത്തിന്റെ 12 ശതമാനം ഇനിയും കർഷകർക്കു ലഭിക്കാനുണ്ട്.അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി മൂലവും, ഈ രംഗത്ത് തൊഴിൽ ചെയ്യാൻ ആരും തയാറാകാത്തതിനാലും താറാവു കൃഷിയിൽ നിന്നു പലരും വിട്ടു പോകുകയാണ്. കുട്ടനാട്ടിൽ മാത്രം ആയിരത്തോളം കർഷകരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 200ൽ താഴെ മാത്രമാണുള്ളത്. ജില്ലയിൽ ചെന്നിത്തല, കരുവാറ്റ, മാന്നാർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇപ്പോഴും കർഷകർ വൻതോതിൽ കൃഷി നടത്തുന്നത്.