മാർച്ച് ഒന്നിനു ശേഷം ആലപ്പുഴ ജില്ലയിൽ ലഭിച്ചത് 29% അധികമഴ; മേയിൽ കൂടുതൽ മഴ ലഭിക്കാന്‍ സാധ്യത

Mail This Article
ആലപ്പുഴ ∙ മാർച്ച് ഒന്നിനു ശേഷം ജില്ലയിൽ ലഭിച്ചത് 29% അധികമഴ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകളിലാണു സംസ്ഥാനത്താകെ വേനൽമഴ അധികമായി ലഭിച്ചെന്നു വ്യക്തമാക്കുന്നത്. മാർച്ച് ഒന്നു മുതൽ ഇന്നലെ രാവിലെ വരെ, മുൻവർഷങ്ങളിലെ ശരാശരിയായ 107.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ജില്ലയിൽ 138.5 മില്ലിമീറ്റർ മഴ ലഭിച്ചു. സംസ്ഥാനത്തു മഴയുടെ അളവിൽ വലിയ വ്യത്യാസം ഉണ്ടാകാത്ത ജില്ലകളിലൊന്നാണ് ആലപ്പുഴ. 9 ജില്ലകളിൽ വളരെക്കൂടിയ അളവിലാണു മഴ ലഭിച്ചത്.അതേസമയം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ജില്ലയിൽ വളരെക്കുറച്ചു മഴ മാത്രമാണ് ലഭിച്ചത്.
39.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 7.5 മില്ലിമീറ്റർ മാത്രം. 81% മഴ കുറവാണ് ഇക്കാലയളവിൽ ലഭിച്ചത്.മഴ കുറഞ്ഞതോടെ ഫെബ്രുവരിയിലും മാർച്ച് തുടക്കത്തിലും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. പിന്നാലെ മഴയെത്തിയതു ജനങ്ങൾക്ക് ആശ്വാസമായി. ഇടവിട്ടു മഴ ലഭിച്ചതോടെ താപനില കൂടുതൽ ഉയർന്നില്ല. വൈകിട്ടു മഴയുള്ളതിനാൽ രാത്രി താപനില കുറയുകയും ചെയ്തു. അതേസമയം, മിന്നൽ കാരണമുള്ള അപകടങ്ങൾക്കുള്ള സാധ്യതയേറിയിട്ടുമുണ്ട്.
അടുത്ത ദിവസങ്ങളിലും ഇടവിട്ടു മഴ ലഭിക്കുമെന്നു കാലാവസ്ഥ വിദഗ്ധർ പറയുന്നു. ശരാശരിയിലേറെ മഴ ലഭിക്കുന്നതിനാൽ വരൾച്ചാഭീതിയും കുറഞ്ഞിട്ടുണ്ട്. 2023ലെ വേനൽക്കാലത്തിനു സമാനമായ സാഹചര്യങ്ങളാണ് ഈ വർഷവും. അടുത്ത ദിവസങ്ങളിലും 36 ഡിഗ്രി സെൽഷ്യസ് താപനില പ്രതീക്ഷിക്കാം. എന്നാൽ ഇടവിട്ടു മഴയും ലഭിക്കുമെന്നതിനാൽ കടുത്ത ചൂട് അനുഭവപ്പെടില്ല. മേയിൽ കൂടുതൽ മഴ ലഭിക്കാനാണു സാധ്യതയെന്നും വിദഗ്ധർ പറയുന്നു.