വെർച്വൽ അറസ്റ്റ്: തട്ടിയെടുക്കുന്ന പണം പോകുന്നത് വിദേശ അക്കൗണ്ടുകളിലേക്ക്

Mail This Article
ചേർത്തല ∙ വെർച്വൽ അറസ്റ്റ് നാടകത്തിലൂടെ തട്ടിയെടുക്കുന്ന പണം തട്ടിപ്പു സംഘം വിദേശ അക്കൗണ്ടുകളിലേക്കു മാറ്റുന്നതായി പൊലീസ്. ചേർത്തലയിൽ വെർച്വൽ അറസ്റ്റിലൂടെ വ്യാപാരിയുടെ 61 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് വിദേശ ബന്ധമുള്ള വൻ സംഘമാണ് പിന്നിലെന്നു തെളിഞ്ഞത്. ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ നടത്തുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.ചേർത്തല എസ്ഐ കെ.പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം യുപി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒന്നര മാസം മുൻപ് യുപി സ്വദേശികളായ സഹിൽ, ശുഭം ശ്രീവാസ്തവ് എന്നിവരെ പിടികൂടിയിരുന്നു. ഇവരിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിലെ പ്രധാനികളായ നേപ്പാൾ സ്വദേശികളെയും മറ്റുരണ്ടു യുപി സ്വദേശികളെയും കഴിഞ്ഞദിവസം പിടികൂടിയത്.
തട്ടിപ്പിലെ നിർണായക പങ്കുള്ള യുപി സ്വദേശികളായ അഭിനീത് യാദവ് (25),സഞ്ജയ് ദൂബേ(34) എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരുടെ മൊബൈലും ലാപ്ടോപ്പും പരിശോധിച്ചപ്പോഴാണ് നേപ്പാൾ സ്വദേശികൾക്കാണ് തട്ടിപ്പ് നടത്തി സമ്പാദിക്കുന്ന പണവും, അതിനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറുന്നതെന്ന് കണ്ടെത്തിയത്. തുടർന്ന് ഡൽഹിയിൽ ഇവർ താമസിക്കുന്ന സ്ഥലം രഹസ്യമായി കണ്ടെത്തി അവിടെയെത്തി നേപ്പാൾ സ്വദേശികളായ പ്രിൻസ്‌ദേവ്(24), അജിത്ത് ഖഡ്ക(26)എന്നവരെ പിടികൂടുകയായിരുന്നു. തട്ടിപ്പിനായി ശേഖരിച്ച വിവിധ ബാങ്ക് പാസ് ബുക്കുകൾ ഇവരിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.
അന്വേഷണത്തിനിടെ, ചേർത്തല സ്വദേശിയെ കബളിപ്പിച്ച് 90 ലക്ഷം രൂപ തട്ടിയെടുത്ത മറ്റൊരു കേസിലെ പ്രധാന പ്രതിയായ ഗുജറാത്ത് ജുനഗഢ് സ്വദേശി ഗോസ്വാമി സുമിത്ഗിരിയെയും (26) കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചേർത്തല എഎസ്പി ഹരീഷ് ജയിന്റെയും എസ്എച്ച്ഒ ജി.അരുണിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.ചേർത്തല എസ്ഐ. കെ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ആദർശ്, ബിനു, എസ്എച്ച്ഒമാരായ സതീഷ്, സുധീഷ്, അനീഷ് ഭരത്, കോൺസ്റ്റന്റൈൻ, ലിജോ, ധൻരാജ്.ഡി. പണിക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.