വിശ്വാസവഞ്ചന, തട്ടിപ്പ്: കെഎസ്എഫ്ഇ ജീവനക്കാരനെതിരെ പൊലീസ് കേസ്
Mail This Article
കലവൂർ∙ കെഎസ്എഫ്ഇയിൽ വായ്പ എടുക്കുന്നതിന് ഹാജരാക്കിയ വസ്തുവിന്റെ പ്രമാണം, ജീവനക്കാരൻ സ്വന്തം ചിട്ടിക്ക് ജാമ്യമായി നൽകി 30 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടാക്കിയതായി പരാതി. മണ്ണഞ്ചേരി ആപ്പൂര് കുറുവേലിച്ചിറ എൻ.സുമ നൽകിയ പരാതിയിലാണ് കെഎസ്എഫ്ഇ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റ് രാജീവിനെ പ്രതിയാക്കി വിശ്വാസവഞ്ചനയ്ക്കും സാമ്പത്തിക തട്ടിപ്പിനും പൊലീസ് കേസെടുത്തത്.
ആലപ്പുഴയിലെ കെഎസ്എഫ്ഇ ശാഖയിൽ സുമയുടെ 12 ലക്ഷത്തിന്റെ ചിട്ടിയിൽ നിന്നു വീട് നിർമാണത്തിന് 6 ലക്ഷം രൂപ വായ്പ എടുക്കുന്നതിനാണ് ഇവരുടെ 12 സെന്റ് ഭൂമിയുടെ പ്രമാണം വാങ്ങിയത്. എന്നാൽ പിന്നീട് ഇതേ സ്ഥലത്തിന് വഴി ഇല്ലാത്തതിനാൽ സുമയുടെ ഭർത്താവിന്റെ 8 സെന്റ് വസ്തുവിന്റെ പ്രമാണവും വാങ്ങിയ ജീവനക്കാരൻ ഇത് സ്വന്തം പേരിലുള്ള ചിട്ടിയുടെ ജാമ്യത്തിനായി വയ്ക്കുകയായിരുന്നു.
എന്നാൽ പ്രതിയായ രാജീവ് ചിട്ടി പിടിച്ച ശേഷവും തുക തിരിച്ചടയ്ക്കാതെ വന്നതോടെ റവന്യു റിക്കവറി നടപടി തുടങ്ങിയപ്പോഴാണ് പരാതിക്കാരി തട്ടിപ്പ് മനസിലാക്കിയത്. ഇതുസംബന്ധിച്ച് അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചതായും രേഖകൾ ശേഖരിച്ചു വരുകയാണെന്നും മണ്ണഞ്ചേരി പൊലീസ് പറഞ്ഞു.