കണ്ണീർപ്പാടത്ത് നെല്ലിന് ചിത; രണ്ടര ഏക്കർ കൃഷിയിടത്തിലെ നെല്ല് കത്തിച്ച് കർഷകൻ

Mail This Article
കുട്ടനാട്∙ കൊയ്തെടുത്ത നെല്ല് വേനൽ മഴ മൂലം മെതിച്ചെടുക്കാൻ കഴിയാതെ വന്നതോടെ മറ്റു മാർഗങ്ങളില്ലാതെ രണ്ടര ഏക്കർ കൃഷിയിടത്തിലെ നെല്ല് കർഷകൻ കത്തിച്ചു. നീലംപേരൂർ കൃഷിഭവൻ പരിധിയിലെ മുക്കോടി പാടശേഖരത്തിലെ കർഷകനായ ഈര തൊടുകയിൽ ടി.വി.സോണിച്ചനാണു നെല്ല് കത്തിച്ചത്. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണു കർഷകനുണ്ടായത്. പാടശേഖരത്തിൽ സോണിച്ചൻ കൃഷി ചെയ്ത നാലര ഏക്കറിൽ 2 ഏക്കറോളം സ്ഥലത്തെ നെല്ല് കൊയ്ത്ത് മെതി യന്ത്രം ഉപയോഗിച്ചു വിളവെടുത്തു കൊണ്ടിരുന്നപ്പോഴാണു വേനൽമഴ എത്തിയത്. കൊയ്ത്ത് യന്ത്രം കൃഷിയിടത്തിൽ താഴാൻ തുടങ്ങിയതോടെ തിരിച്ചുകയറ്റി. ബാക്കി നെല്ല് ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കി കൊയ്തെടുക്കുകയായിരുന്നു.
ഒരാൾക്ക് 1000 രൂപ വീതം കൂലി നൽകി 20 പേരെ 2 ദിവസം നിർത്തിയാണു നെല്ല് കൊയ്തെടുത്തത്. കൊയ്ത്തിനു മാത്രം 40,000 രൂപ ചെലവായി. കൊയ്ത്ത് മെതി യന്ത്രത്തിൽ തന്നെ നെല്ല് മെതിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ കൊയ്തെടുത്ത നെല്ല് കളത്തിൽ കൊണ്ടുവന്നെങ്കിലും യന്ത്രം ലഭിച്ചില്ല. തുടർന്നു കാലു കൊണ്ടു മെതിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദിവസങ്ങളായി നനഞ്ഞ നെല്ല് കൊയ്തെടുത്തു കറ്റ കെട്ടാതെ നേരെ കളത്തിലേക്കു കൊണ്ടുവരികയായിരുന്നു. കാലുകൊണ്ടു മെതിച്ചപ്പോൾ കതിരും കച്ചിയും പൊടിഞ്ഞു പോകാൻ തുടങ്ങിയതോടെയാണ് ശ്രമം ഉപേക്ഷിച്ചു. പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്നു നെല്ലും കറ്റയും മാറ്റിക്കൊടുക്കേണ്ടി വന്നതിനാലാണു ഗത്യന്തരമില്ലാതെ നെല്ല് കത്തിക്കേണ്ടി വന്നത്.
നെഞ്ച് നീറുന്ന വേദനയിൽ ഏകദേശം 50 ക്വിന്റലോളം നെല്ലാണു കത്തിച്ചു കളയേണ്ടി വന്നത്. 200 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 50 ഏക്കറോളം സ്ഥലത്തെ നെല്ല് വിളവെടുക്കാൻ സാധിക്കാതെ കർഷകർക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. സമീപത്തെ പാടശേഖരത്തിലും സമാനരീതിയിൽ ഏക്കർ കണക്കിനു സ്ഥലത്തെ കൃഷി ഉപേക്ഷിക്കേണ്ടി വന്നതായി കർഷകർ പറഞ്ഞു. കൃഷി ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.