ADVERTISEMENT

ആലപ്പുഴ ∙ കായംകുളം നഗരസഭാ ജീവനക്കാർക്ക് വിവരാവകാശ കമ്മിഷണറുടെ ശാസനയും താക്കീതും. വിവരാവകാശ നിയമപ്രകാരം ഫയലുകൾ സൂക്ഷിക്കുന്നതിലും വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തുന്നതിലും വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിലാണ് വീഴ്ച കണ്ടെത്തിയത്. നഗരസഭയിൽ നിന്ന് ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ വിവരിക്കുന്ന പൗരാവകാശ രേഖ കാലികമായി പരിഷ്കരിക്കാത്തതും കമ്മിഷന്റെ വിമർശനത്തിനു കാരണമായി.

വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ നാല് ബോധനാധികാരികളുടെ പ്രവർത്തനങ്ങളിൽ കമ്മിഷണർ അതൃപ്തി അറിയിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ചകളും അലസതയും കാരണം ഭരണസമിതിയും ജനപ്രതിനിധികളും പരാതി കേൾക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം. ആർടിഐ നിയമം നാലാം വകുപ്പിൽ 17 ഉപവകുപ്പുകളിലായി നിർദേശിക്കുന്ന കാര്യങ്ങളൊന്നും ഉദ്യോഗസ്ഥർ നടപ്പിൽ വരുത്തിയിട്ടില്ലെന്ന് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കമ്മിഷനോട് സമ്മതിച്ചു. ഫയലുകൾ ഇനം തിരിച്ച് സ്റ്റാക്ക് ചെയ്തിട്ടില്ല. അവയുടെ കാറ്റലോഗ് പ്രസിദ്ധീകരിച്ചിട്ടില്ല.

നഗരസഭയിലെ അടിസ്ഥാന വിവരങ്ങൾ, വികസന പ്രവർത്തനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ആസ്തികൾ, ഉദ്യോഗസ്ഥരുടെ ചുമതലകളും ശമ്പളവും തുടങ്ങി സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങളും ലഭ്യമാക്കിയിട്ടില്ല. ഇവയെല്ലാം എത്രയും വേഗം ചട്ടപ്രകാരം സജ്ജമാക്കണമെന്നും ആ വിവരങ്ങൾ ആർക്കും ഏതു നേരവും ശേഖരിക്കാനാകും വിധം കംപ്യൂട്ടർ നെറ്റ്‌വർക്കിൽ ലഭ്യമാക്കണമെന്നും കമ്മിഷണർ നിർദേശിച്ചു. അതിനായി സെക്രട്ടറി എസ്.സനിൽ ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ടു. കമ്മിഷണർ 21 ദിവസം അനുവദിച്ചു.

പൗരാവകാശ രേഖ കാലികമാക്കി ഉടൻ പ്രസിദ്ധീകരിക്കണം. സുപ്രീം കോടതിയുടെ നിർദേശമുള്ളതിനാൽ ഈ ഉത്തരവാദിത്തം നിർവഹിക്കാതിരുന്ന 2018 മുതലുള്ള ഉദ്യോഗസ്ഥരുടെ പേരും വിശദാംശവും സെക്രട്ടറി സമർപ്പിക്കണം. കുറ്റക്കാർക്കെതിരെ വിവരാവകാശ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു. നിർദേശങ്ങൾ സമയബന്ധിതമായി നടപ്പിൽ വരുത്തിയ റിപ്പോർട്ട് മേയ് 20നകം ലഭ്യമാക്കണമെന്നും കമ്മിഷണർ ഉത്തരവിട്ടു. ചേരാവള്ളി രാമചന്ദ്രൻ ആചാരി, ഐക്യജംഗ്ഷൻ ഞാവക്കാട്ട് നൗഷാദ് എന്നിവരുടെ പരാതികളും തീർപ്പാക്കി.

English Summary:

Kayamkulam Municipality employees face reprimand & warning from the Kerala Information Commission for negligence in RTI Act compliance and failure to update the Citizen's Charter. The commission ordered immediate improvements and threatened further action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com