ഹൈബ്രിഡ് കഞ്ചാവ് ഇടപാടിൽ ഇടനിലക്കാരി യുവ മോഡൽ; റിയാലിറ്റി ഷോ താരത്തെ ഉൾപ്പെടെ ചോദ്യംചെയ്യാൻ നോട്ടിസ്

Mail This Article
ആലപ്പുഴ∙ രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി തസ്‌ലിമ സുൽത്താനയും സിനിമാതാരങ്ങളും തമ്മിലുള്ള ഇടപാടുകളുടെ ഇടനിലക്കാരി മോഡലിങ് രംഗത്തുള്ള പാലക്കാട് സ്വദേശിനിയാണെന്ന നിഗമനത്തിൽ എക്സൈസ്. ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻമാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ഈ യുവതിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ എക്സൈസ് നോട്ടിസ് നൽകി. 28ന് ആലപ്പുഴയിലെ എക്സൈസ് ഓഫിസിൽ ഹാജരാകാനാണു നോട്ടിസ്.
നടൻമാരും യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകൾ എക്സൈസിനു ലഭിച്ചു. ഈ യുവതിയും തസ്‌ലിമയുമായും സാമ്പത്തിക ഇടപാടുണ്ട്. ഇതോടെയാണ് ഇവർ ഇടനിലക്കാരിയായി പ്രവർത്തിച്ചെന്ന നിഗമനത്തിൽ എക്സൈസ് എത്തിയത്. തസ്‌ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സാപ് ചാറ്റ്, ഷൈൻ ടോം ചാക്കോയുമായുള്ള വാട്സാപ് കോൾ ഹിസ്റ്ററി എന്നിവ ലഭിച്ചെങ്കിലും സാമ്പത്തിക ഇടപാടിനു തെളിവു കിട്ടിയിരുന്നില്ല.
തുടർന്നാണ് തസ്‌ലിമയുടെ ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചു വനിതാ മോഡലുമായുള്ള ഇടപാടുകൾ കണ്ടെത്തിയത്. നിലവിൽ കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ മോഡലിനു പുറമേ ടിവി ചാനൽ റിയാലിറ്റി ഷോ താരം, സിനിമ നിർമാതാക്കളുടെ സഹായിയായി പ്രവർത്തിക്കുന്ന യുവാവ് എന്നിവർക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്. 29നാണ് ഇവർ ഹാജരാകേണ്ടത്.
ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
നടൻമാരും മോഡലും 28ന് ഹാജരാകുമ്പോൾ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടി വരുമെന്ന് എക്സൈസ് പറയുന്നു. പ്രതികളായ തസ്‌ലിമ, ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് എന്നിവരുടെ 4 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചു. ഇതേത്തുടർന്ന് ഇന്നലെ ഇവരെ കോടതിയിൽ ഹാജരാക്കി ജയിലിൽ പ്രവേശിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ എസ്. അശോക്‌കുമാറിന്റെ നേതൃത്വത്തിലാണു പ്രതികളെ ചോദ്യം ചെയ്തതും തെളിവെടുപ്പ് നടത്തിയതും.