ADVERTISEMENT

ആലപ്പുഴ ∙ ഇന്ത്യൻ ജനാധിപത്യത്തിൽ പൗരനെ പങ്കാളിയാക്കുന്ന വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്നവർ രാജ്യത്തിന്റെ ഉത്തമ പൊതുതാൽപര്യത്തിനെതിരെ പ്രവർത്തിക്കുന്നവരും ആർടിഐ നിയമത്തിന്റെ ശത്രുക്കളുമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീം. കലക്ടറേറ്റിൽ ക്യാംപ് സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘ജനങ്ങൾക്ക് സർക്കാർ ഓഫിസുകളിലെ വിവരങ്ങൾ ലഭ്യമാക്കുന്ന ഉദ്യോഗസ്ഥർ പ്രതിഫലം പറ്റാതെ രാജ്യസേവനം ചെയ്യുന്നവരാണ്. അവരെ ശത്രുപക്ഷത്ത് കണ്ട് നിരന്തരം അപേക്ഷകൾ സമർപ്പിച്ച് അസ്വസ്ഥത ഉണ്ടാക്കുന്നവർ വിവരാവകാശ നിയമത്തിന്റെ പവിത്രത നശിപ്പിക്കുന്നവരാണ്. ഒരു ഓഫിസിന്റെ പ്രവർത്തനത്തിന്റെ കൂടുതൽ സമയവും വിവരാവകാശ മറുപടികൾ എഴുതാൻ വേണ്ടി വിനിയോഗിക്കേണ്ട സാഹചര്യം സൃഷ്ടിച്ചാൽ അത്തരം അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം, വിവരാവകാശ അപേക്ഷകരെ ഉദ്യോഗസ്ഥകർ ശത്രുക്കളായി കാണരുത്. അവരുടെ ആവശ്യങ്ങളോട്  ജനപക്ഷ സമീപനം സ്വീകരിച്ച് കൃത്യമായ മറുപടി നൽകണം. ആർടിഐ നിയമം സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ആദ്യ അപേക്ഷയ്ക്ക് കൃത്യമായി മറുപടി നൽകാത്ത സന്ദർഭത്തിൽ ഒന്നാം അപ്പീൽ അധികാരികൾ ഇടപെട്ട് കേസുകൾ തീർപ്പാക്കണം. വിവരാവകാശ കമ്മിഷനിലേക്ക് രണ്ടാം അപ്പീലുമായി അപേക്ഷകർ വരുന്ന പ്രവണത ഒഴിവാക്കാൻ ഒന്നാം അപ്പീൽ അധികാരികൾ ശ്രദ്ധിക്കണം’ – അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂർ ആർഡിഒ ഓഫിസിൽ മുതുകുളം വില്ലേജിൽ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് നൽകിയ അപേക്ഷയിൽ ആർഡിഒ നേരിട്ട് ഇടപെട്ട് വിവരം ലഭ്യമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കായംകുളം നഗരസഭയിൽ ടെർമിനൽ ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരന് ജാമ്യത്തുക നൽകാത്തത് സംബന്ധിച്ച ഫയൽ കാണാതെ പോയ സാഹചര്യത്തിൽ ഉത്തരവാദികളായ ഓഫിസർമാരുടെ പേര് വിവരങ്ങൾ സെക്രട്ടറി മൂന്നു ദിവസത്തിനകം സമർപ്പിക്കണം. ഇത്തരം ഉദ്യോഗസ്ഥരെ സർവീസ് ചട്ടങ്ങൾ പ്രകാരം ശിക്ഷിക്കും.

നോട്ടിസ് ലഭിച്ചിട്ടും ഹിയറിങ്ങിനു ഹാജരാകാതിരുന്ന പാലമേൽ പഞ്ചായത്ത് സെക്രട്ടറി മേയ് 9ന് രാവിലെ 11ന് കോഴിക്കോട് കലക്ടറേറ്റിൽ കമ്മിഷൻ സിറ്റിങ്ങിൽ ഹാജരാകണം. കയർഫെഡ് മാനേജിങ് ഡയറക്ടറും വിവരാധികാരിയും മേയ് 7ന് തിരുവനന്തപുരത്ത് എത്തി കമ്മിഷനെ ചേംബറിൽ കാണണം. കായംകുളം പൊലീസിലെ ജനറൽ ഡയറിയിലെ ഒരു മാസത്തെ വിവരങ്ങൾ ഒന്നിച്ച് ആവശ്യപ്പെട്ടത് നിഷേധിച്ച നടപടി കമ്മിഷൻ ശരിവച്ചു. ഹർജി കക്ഷിക്ക് നേരിട്ടെത്തി ആവശ്യമായ ഭാഗങ്ങൾ കാണാൻ അനുവദിച്ച് ഉത്തരവായി. പരിഗണിച്ച 16 കേസിൽ 13 എണ്ണം തീർപ്പാക്കി.

English Summary:

RTI misuse is harming public interest, says Kerala's State Information Commissioner, Dr. A. Abdul Hakeem. He stressed responsible use of the RTI Act and swift action against officials who misuse it.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com