വണ്ടി ഏതുമാകട്ടെ ഹെൽമറ്റ് നിർബന്ധം ! ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് ഓട്ടോയ്ക്ക് 500 രൂപ പിഴ

Mail This Article
ആലപ്പുഴ ∙ ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് ഓട്ടോയ്ക്ക് 500 രൂപ പിഴ ചുമത്തി പൊലീസ്. ഇ ചലാൻ തയാറാക്കിയതിലുണ്ടായ പിഴവു കാരണമാണു ബൈക്കിനു പകരം ഓട്ടോറിക്ഷയ്ക്കു പിഴ നോട്ടിസ് ലഭിച്ചത്. 5113 എന്ന ബൈക്കിന്റെ നമ്പറിനു പകരം 6113 എന്ന നമ്പർ ഇ ചലാനിൽ രേഖപ്പെടുത്തിയതോടെയാണ് ഓട്ടോയ്ക്കു നോട്ടിസ് എത്തിയത്.
പൊലീസ് ഉദ്യോഗസ്ഥർ തയാറാക്കിയ ഇ ചലാനിലാണു പിഴവു സംഭവിച്ചത്. പ്രിൻസിപ്പൽ എസ്ഐമാർക്കു മാത്രമാണു ചലാൻ തയാറാക്കാൻ അനുമതിയുള്ളതെങ്കിലും മറ്റ് ഉദ്യോഗസ്ഥരും ചലാനുകൾ തയാറാക്കുന്നുണ്ട്. വേണ്ടത്ര വിവരങ്ങൾ ചേർക്കാതെയാണു പലപ്പോഴും ചലാനുകൾ തയാറാക്കുന്നത്. ഇതുകാരണം ആരാണു ചലാൻ തയാറാക്കിയതെന്നോ എന്താണു കുറ്റകൃത്യമെന്നോ തിരിച്ചറിയാനാകാത്ത പ്രശ്നവുമുണ്ട്. ഇതും ജനങ്ങൾക്കു ബുദ്ധിമുട്ടാകുന്നുണ്ട്.
നേരത്തെ എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഇത്തരത്തിൽ വാഹനം മാറി നോട്ടിസ് ലഭിച്ചിരുന്നു. പരാതി ഉയരുന്ന സംഭവങ്ങളിൽ പുനഃപരിശോധിച്ച് ആരോപണം വസ്തുതാപരമെന്നു കണ്ടെത്തിയാൽ പിഴ ഒഴിവാക്കി നൽകുകയാണു മോട്ടർ വാഹന വകുപ്പ് ചെയ്തിരുന്നത്.