അരൂർ- തുറവൂർ ഉയരപ്പാത നിർമാണം: ഇതുവരെ പൊലിഞ്ഞത് 41 ജീവൻ; ദേശീയപാത അപകടപ്പാതയോ?

Mail This Article
അരൂർ ∙ തുറവൂർ– അരൂർ ദേശീയപാതയിൽ അപകടങ്ങൾ ഒഴിയുന്നില്ല. ഉയരപ്പാത നിർമാണം തുടങ്ങിയതിന് ശേഷം 41 ജീവനാണ് പാതയിൽ പൊലിഞ്ഞത്. കൂടുതലും ഇരുചക്രവാഹന യാത്രികരാണ് മരണപ്പെടുന്നത്. ഉയരപ്പാത നിർമാണത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിനായി പാതയുടെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള ലോഞ്ചിങ് ഗാൻട്രി സ്ഥാപിച്ചതോടെ പാതയുടെ വീതി കുറഞ്ഞു. മാത്രമല്ല നാലുവരി പാതയിൽ പാതയുടെ മധ്യത്തിൽ നിന്നു ഇരുവശങ്ങളിലും 2 വരിപ്പാത നിർമാണത്തിന്റെ ഭാഗമായി ഇരുമ്പ് ബാരിക്കേഡുകൾ ഉപയോഗിച്ച് കുറച്ചു. ഇതോടെ ഒറ്റവരിപ്പാതയായി കുറഞ്ഞു.
ചരക്ക് ലോറികളും ടോറസ് വാഹനങ്ങളും സഞ്ചരിക്കുമ്പോൾ ഇതിനൊപ്പം പോകുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. നിർമാണത്തിന്റെ ഭാഗമായി ദീർഘദൂര ചരക്ക് വാഹനങ്ങൾക്ക് ഇതിലൂടെ പോകുന്നത് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും മേഖലയിലുള്ള ഒട്ടേറെ സമുദ്രോൽപന്ന കയറ്റുമതി ശാലകളിലേക്കും വ്യവസായ ശാലകളിലേക്കും പോകുന്ന വാഹനങ്ങൾ മറ്റുവഴികളില്ലാത്തതിനാൽ ഇതിലൂടെയാണ് പോകുന്നത്. സർവീസ് റോഡുകളുടെ നിർമാണത്തിനായി ദേശീയപാത വിഭാഗം 8 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണം എങ്ങുമായിട്ടില്ല.
അരൂർ ബൈപാസ് കവലയിൽ ഉയരപ്പാത റാംപിന്റെ നിർമാണം തുടങ്ങി
തുറവൂർ ∙ അരൂർ തുറവൂർ ഉയരപ്പാത തുടങ്ങുന്ന അരൂർ ബൈപാസ് കവലയ്ക്കു സമീപം ഉയരപ്പാതയുടെ റാംപിന്റെ തൂണുകളുടെ നിർമാണം ആരംഭിച്ചു. അരൂർ കുമ്പളം പാലത്തിനോടു ചേർന്ന് ഉയരപ്പാത താഴേക്ക് ഇറങ്ങാനും മുകളിലേക്കു കയറാനും കഴിയുന്ന വിധത്തിലാണു തൂൺ നിർമാണം. ഉയരം കുറവായതിനാൽ ലാൻഡിങ് തൂണുകൾ ഉയരപ്പാതയുടെ തൂണുകളുടെ കണക്കിൽ പെടുത്തിയിട്ടില്ല. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ ദൂരത്തിൽ 354 തൂണുകളിലായാണു ഉയരപ്പാത വരുന്നത്.

ഇതിനു പുറമേയാണു തുടക്കത്തിലും ഒടുക്കത്തിലും ഉയരപ്പാത 6 വരിയിലേക്കു സംഗമിക്കുന്ന തൂണുകൾ വരുന്നത്. അരൂർ ബൈപാസ് ജംക്‌ഷനിൽ തൂൺ നിർമാണം തുടങ്ങിയതോടെ ഇവിടെ ഗതാഗത നിയന്ത്രണവുമുണ്ട്.പള്ളി ജംക്‌ഷനിൽ നിന്ന് വൈറ്റില ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെല്ലാം ദേശീയപാതയിൽ നിന്ന് താഴേക്കിറങ്ങി സർവീസ് റോഡിലൂടെ 400 മീറ്ററോളം ദൂരം സഞ്ചരിച്ച് വീണ്ടും ദേശീയപാതയിലേക്ക് കയറി വേണം യാത്ര തുടരാൻ.
അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ സെമിത്തേരിയിലേക്കു പോകുന്ന റോഡാണിത്. ഇവിടെ നിന്നും ദേശീയപാതയിലേക്കു കയറാൻ പ്രത്യേക വഴിയുണ്ടാക്കിയാണ് ഗതാഗത നിയന്ത്രണം. ബൈപാസ് ജംക്‌ഷൻ മുതൽ പാലം വരെ ഉണ്ടായിരുന്ന മീഡിയൻ നീക്കം ചെയ്ത് ടാറിങ് ചെയ്തിട്ടുമുണ്ട്. നിർമാണ ജോലികൾ നടക്കുന്നതിനാൽ പാലം ഇറങ്ങി ചേർത്തല ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ഒറ്റ വരിയിലാണ് കടത്തി വിടുന്നത്. ഇതുമൂലം ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.