ചാരവൃത്തിക്കേസ്: ജ്യോതി മൽഹോത്ര ആലപ്പുഴയിലുമെത്തി

Mail This Article
ആലപ്പുഴ ∙ പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര ഒരു ദിവസം ആലപ്പുഴയിലും തങ്ങിയിട്ടുണ്ട്. കായൽ യാത്ര നടത്തി വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു. 3 മാസം മുൻപാണ് ഇവർ എത്തിയതെന്നാണു പൊലീസ് നൽകുന്ന സൂചന. കേരളത്തെപ്പറ്റി വർണിക്കുന്ന വിഡിയോകളിൽ മിക്കതും ചിത്രീകരിച്ചത് ആലപ്പുഴയിലെ ഹൗസ്ബോട്ട് യാത്രയ്ക്കിടയിലാണ്.
നെടുമ്പാശേരിയിൽ വിമാനമിറങ്ങി മൂന്നാറിലേക്കു പോയ ഇവർ അവിടെ നിന്നാണ് ആലപ്പുഴയിലെത്തിയത്.കേരളത്തിലെ കായൽ സൗന്ദര്യത്തെപ്പറ്റി അറിഞ്ഞതിനാൽ അങ്ങോട്ടു പോകുന്നു എന്നു പറയുന്ന വിഡിയോ അതിനു മുൻപ് അവർ പങ്കുവച്ചിരുന്നു.ഹൗസ്ബോട്ട് യാത്രയും വിഡിയോ ചിത്രീകരണവും കഴിഞ്ഞ് ഇവർ കൊച്ചിയിലേക്കു മടങ്ങിയെന്നും പൊലീസ് കണ്ടെത്തി.
വ്ലോഗുകളിൽ പങ്കുവച്ച വിഡിയോകളിൽ പറയുന്ന സ്ഥലങ്ങൾ കൂടാതെ കേരളത്തിൽ പലയിടത്തും ഇവർ പോയിട്ടുണ്ടെന്നും പലരെയും കണ്ടെന്നുമാണു പൊലീസിനു ലഭിക്കുന്ന വിവരം. ‘മനോരമ’ വാർത്തയ്ക്കൊപ്പമുള്ള ചിത്രം കണ്ട് ഇവരെ തിരിച്ചറിഞ്ഞ പലരും പൊലീസിനെ ബന്ധപ്പെടുന്നുണ്ട്. വിഡിയോകളിൽ ഇല്ലാത്ത സ്ഥലങ്ങളിലും ഇവർ പോയെന്നു മനസ്സിലായത് അങ്ങനെയാണ്.