ചോരുന്ന ഭാഗം വഴി ശുദ്ധജലം മുകളിലേക്ക് ഉയർന്നുപൊങ്ങി; പണി പൂർത്തിയായ ദേശീയപാത കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണി

Mail This Article
അമ്പലപ്പുഴ ∙ പണി പൂർത്തീകരിച്ച ദേശീയപാത 66ൽ കരൂർ അയ്യൻകോയിക്കൽ ഭാഗത്തു പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് റോഡ് കുത്തിപ്പൊളിച്ചു. പുറക്കാട് പഞ്ചായത്ത് 1, 3, 4, 17 വാർഡുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. ചോരുന്ന ഭാഗം വഴി ശുദ്ധജലം മുകളിലേക്കു ഉയർന്നു പൊങ്ങിയതിനെ തുടർന്നാണ് പാത യന്ത്രസഹായത്തോടെ പൊളിക്കേണ്ടി വന്നത്. ജലഅതോറിറ്റി കരാറുകാരൻ അധികാരികളുടെ നിർദേശം കിട്ടിയിട്ടും പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.
മുൻപ് ദേശീയപാതയിൽ ഇതേ ഭാഗത്ത് വെള്ളം ഒഴുകി പോകുന്നതിന് 6 അടി വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ ദേശീയപാത നവീകരണം വന്നതോടെ പൈപ്പിന്റെ ഭാഗം കരാറുകാർ അടച്ചു. ഇവിടെ വെള്ളം ഒഴുകി പോകാൻ പ്രത്യേകം സംവിധാനവും ഒരുക്കിയില്ല. ദേശീയപാതയിലെ ജലം ഒഴുകി പോകുന്നതിന് സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് പുറക്കാട് പഞ്ചായത്ത് പദ്ധതി ഡയറക്ടർക്ക് കത്ത് നൽകിയിട്ടും പരിഹാരം ഉണ്ടായില്ല.