കൊയ്യുന്നത് കണ്ണീർ മാത്രം; കണ്ണാടി–മുണ്ടോടി പാടത്ത് 100 ക്വിന്റൽ നെല്ല് കെട്ടിക്കിടക്കുന്നു

Mail This Article
ചെങ്ങന്നൂർ ∙ വെൺമണി കണ്ണാടി–മുണ്ടോടി പാടത്ത് 100 ക്വിന്റൽ നെല്ല് കെട്ടിക്കിടക്കുന്നു, നാൽപതോളം കർഷകർ പ്രതിസന്ധിയിൽ. കണ്ണാടി–മുണ്ടോടി പാടത്തു കൊയ്ത്തു കഴിഞ്ഞ ശേഷം 2 ലോഡ് നെല്ല് മാത്രമാണ് ആദ്യഘട്ടത്തിൽ മില്ലുകാർ കൊണ്ടുപോയത്. അന്നു ക്വിന്റലിന് 4 കിലോ കിഴിവ് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ 10 കിലോയാണ് ആവശ്യപ്പെടുന്നതെന്നു കർഷകർ പറയുന്നു. മില്ലുകാരെ ബന്ധപ്പെട്ടെങ്കിലും സംഭരണം പൂർത്തിയായെന്ന മറുപടിയാണു ലഭിച്ചതെന്നു പാടശേഖരസമിതി സെക്രട്ടറി മധു കരീലത്തറ പറഞ്ഞു.
നിലവിൽ മഴയത്തു നെല്ല് സൂക്ഷിക്കാൻ ബുദ്ധിമുട്ടുകയാണ് കർഷകർ. ഉണക്കേണ്ടതിനാൽ അധിക കൂലിച്ചെലവും ബാധ്യതയാകുന്നു. മഴ കനത്താൽ നെല്ല് ഉപയോഗശൂന്യമാകും. 30 ഹെക്ടർ പുഞ്ചക്കൃഷിയിൽ ഉമ നെൽവിത്താണ് വിതച്ചത്. പണം കടംവാങ്ങി കൃഷിയിറക്കിയ 40 കർഷകരാണു നെല്ലെടുക്കാതായതോടെ ദുരിതത്തിൽ കഴിയുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
ജലസേചന വകുപ്പ് തടയണ: മാന്നാർ കോയിക്കൽ പള്ളം പാടത്ത് കൊയ്ത്തു മുടങ്ങി
മാന്നാർ ∙ ജലസേചന വകുപ്പ് തടയണ കെട്ടി നീരൊഴുക്ക് തടഞ്ഞതിനെ തുടർന്ന് മാന്നാർ കോയിക്കൽ പള്ളം പാടശേഖരത്തിലെ കൊയ്ത്തു മുടങ്ങി. കുരട്ടിശേരി പുഞ്ചയിലെ 12 ഏക്കറോളം വരുന്ന കോയിക്കൽ പള്ളം പാടത്ത് കൃഷി ഇറക്കുമ്പോൾ തന്നെ ജലസേചനത്തിന്റെ പണി കാരണം പ്രതിസന്ധിലായിരുന്നു.

മുല്ലശേരി കടവ് മുതൽ തെക്കോട്ട് തോടിന്റെ ആഴം കൂട്ടി വശങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുന്ന പണികളാണ് നടക്കുന്നത്. എന്നാൽ പണികൾ ആരംഭിക്കുന്നതിന് മുൻപ് സമീപത്തെ പാടശേഖര സമിതിയെയോ കൃഷി ഓഫിസറെയോ വിവരം അറിയിച്ചില്ലെന്ന് കർഷകർ പറഞ്ഞു. കൃഷി തുടങ്ങുന്നതിന് മുൻപ് പാടശേഖര സമിതി ഭാരവാഹികളും കർഷകരും മൈനർ ഇറിഗേഷൻ അസി. എൻജിനീയറുമായി സംസാരിച്ചപ്പോൾ കൃഷിക്ക് യാതൊരു തടസവും ഉണ്ടാക്കില്ലെന്ന് പറഞ്ഞിരുന്നു.

മാന്നാർ കൃഷിഭവനിൽ നിന്നും കിട്ടിയ മനുരത്ന ഇനത്തിൽ പെട്ട നെല്ല് വിതച്ചതെങ്കിലും കർഷകർക്കു നഷ്ടമായിരുന്നു. കൃഷി തുടങ്ങിയപ്പോൾ തന്നെ ജലസേചന വകുപ്പ് പാടശേഖരത്തിലെ മോട്ടർ തോട്ടിൽ നിന്നെടുത്ത് കരയ്ക്ക് വച്ചു. ഇതു മൂലം പമ്പിങ് യഥാസമയത്തു നടത്താത്തതിനാൽ നെല്ലുകൾ കരിഞ്ഞുണങ്ങി നശിച്ചു.
സൗജന്യമായി ലഭിച്ച നെല്ല് കിളിർക്കാതെ വന്നതോടെ കിലോഗ്രാമിനു 55 രൂപ നിരക്കിൽ പൗർണ്ണമി നെല്ല് വാങ്ങി വീണ്ടും വിതച്ചു. എന്നാൽ അതിനും വെള്ളം ലഭിക്കാത്ത സ്ഥിതി. വേനൽ മഴ കൂടി പെയ്തതോടെ പാടത്തെ ജലനിരപ്പുയർന്നു. ഇതോടെ കൊയ്ത്തുപ പൂർണമായും തടസ്സപ്പെട്ടു.വായ്പയെടുത്താണ് മിക്ക കർഷകരും കൃഷിയിറക്കിയത്.
ഓരോ കർഷകനും ഏക്കറിന് 60,000 രൂപയോളം ചെലവഴിച്ചിട്ടുണ്ട്. കർഷകർക്കുണ്ടായ നഷ്ടം വകുപ്പിന്റെ കരാറുകാരനിൽ നിന്നും ഈടാക്കി തരണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് കോയിക്കൽ പളളം പാടശേഖര സമിതി സെക്രട്ടറി അനിൽകുമാർ പറഞ്ഞു.