പേടിക്കാതെ മീൻ കഴിക്കാം: കടൽസദ്യ ഒരുക്കി ആലപ്പാട് പഞ്ചായത്ത് ഭരണസമിതി

Mail This Article
കരുനാഗപ്പള്ളി ∙ ചരക്കു കപ്പൽ കടലിൽ മുങ്ങി കണ്ടെയ്നറുകൾ കടലിൽ പതിച്ചതിനെ തുടർന്ന് മീൻ കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തെറ്റായ പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നു പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ആലപ്പാട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കടൽ വിഭവങ്ങൾ അടങ്ങുന്ന കടൽസദ്യ ഒരുക്കി.
ചെറിയഴീക്കൽ ഫിഷിങ് ലാൻഡിങ് സെന്ററിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവരെല്ലാവരും ഇവിടെ ഒരുക്കിയ കടൽ മീനും കപ്പയും കഴിച്ച് ആശങ്കകളിൽ കഴമ്പില്ലെന്നു ബോധ്യപ്പെടുത്തി. മത്സ്യത്തൊഴിലാളികളോടും ജനപ്രതിനിധികളോടും, സാമുദായിക നേതാക്കളോടും ഒപ്പം കടൽ മത്സ്യ വിഭവങ്ങൾ കഴിച്ച് കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥ പ്രതികൂലമായി ബാധിക്കുമ്പോഴേല്ലാം ഏറ്റവും കുടുതൽ നെഞ്ചിടിക്കുന്നത് തീരദേശ മേഖലയിലെ ജനങ്ങൾക്കാണെന്നു കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. കടൽ മത്സ്യങ്ങൾ കഴിച്ചാൽ ജീവന് ആപാത്താണെന്നുള്ള വ്യാജ പ്രചാരണം തള്ളിക്കളഞ്ഞ് മത്സ്യത്തൊഴിലാളി സമൂഹത്തിന് പിന്തുണ നൽകാൻ പൊതുസമൂഹം മുന്നോട്ട് വരണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് പ്രസംഗിച്ചു. കെ.സി.രാജൻ, തൊടിയുർ രാമചന്ദ്രൻ, എൽ.കെ.ശ്രീദേവി, ബി.പ്രിയകുമാർ, വി.എസ്.വിനോദ്, എം.അൻസാർ, എസ്.ഷിജി തുടങ്ങിയവർ പങ്കെടുത്തു.