ആശ്വാസം, കുട്ടനാട്ടിൽ ജലനിരപ്പ് താഴ്ന്നു; നിർത്തിവച്ച ബസ് സർവീസുകൾ പുനരാരംഭിച്ചു

Mail This Article
കുട്ടനാട് ∙ ദിവസങ്ങൾ നീണ്ട ആശങ്ക ഒഴിയുന്നു കുട്ടനാട്ടിൽ ജലനിരപ്പ് സാധാരണ നിലയിലേക്ക് എത്തി തുടങ്ങുന്നു. പള്ളാത്തുരുത്തി, കിടങ്ങറ, നീരേറ്റുപുറം മേഖലകളിൽ ജലനിരപ്പ് അപകടനിലയ്ക്കു താഴെയെത്തി. ഇന്നലെ മാത്രം നീരേറ്റുപുറത്ത് ജലനിരപ്പ് ഒരടി താഴ്ന്നു. മറ്റു മേഖലകളിൽ 11 മുതൽ 17 സെന്റീമീറ്റർ വരെ ജലനിരപ്പ് താഴ്ന്നു. താലൂക്കിൽ പുതുതായി 14 ഭക്ഷണ വിതരണ കേന്ദ്രങ്ങൾ കൂടി തുറന്നു.
ജലനിരപ്പ് സാധാരണ നിലയിലേക്ക് എത്താൻ തുടങ്ങിയതോടെ നിർത്തി വച്ചിരുന്ന കാവാലം–തട്ടാശേരി ജങ്കാർ സർവീസ് ഇന്നു മുതൽ പുനരാരംഭിക്കും. ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്നു പുളിങ്കുന്ന് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച സ്പെഷൽ ബോട്ട് സർവീസുകൾ നിർത്തി. താലൂക്കിൽ 18 ദുരിതാശ്വാസ ക്യാംപുകളും 692 ഭക്ഷണ വിതരണം കേന്ദ്രങ്ങളുമാണു പ്രവർത്തിക്കുന്നത്. 18 ദുരിതാശ്വാസ ക്യാംപുകളിലായി 318 കുടുംബങ്ങളിലെ 934 അംഗങ്ങളാണു താമസിക്കുന്നത്. 692 ഭക്ഷണ വിതരണ കേന്ദ്രങ്ങളിലായി 34068 കുടുംബങ്ങളിലെ 1,35,753 പേർക്കാണു ഭക്ഷണം നൽകുന്നത്.
ക്യാംപിൽ കഴിഞ്ഞിരുന്നവർ മടങ്ങിത്തുടങ്ങി
വെള്ളം ഇറങ്ങിയതോടെ ക്യാംപുകളിൽ കഴിയുന്ന ആളുകൾ തിരികെ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. കിഴക്കൻ വെള്ളത്തിനൊപ്പം എത്തിയ ചെളി പുരയിടങ്ങളിലും, ഇട റോഡുകളിലും കിടക്കുന്നത് ഒഴിവാക്കാൻ പ്രയാസപ്പെടുകയാണ്. നൂറുകണക്കിനു മരങ്ങളാണ് വീണത്. ഇത് വെട്ടിമാറ്റുന്നതിനുള്ള ജോലികളും നടക്കുന്നുണ്ട്.
ലക്ഷക്കണക്കിനു രൂപയുടെ ഏത്തവാഴക്കൃഷി, പച്ചക്കറിക്കൃഷി എന്നിവയാണു കർഷകർക്ക് നഷ്ടമായത്. ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക് ആനുകൂല്യം കുറച്ചെങ്കിലും ലഭിക്കുമെങ്കിലും സാധാരണ കൃഷി ചെയ്ത കർഷകർക്ക് കൃഷി ഭവനിൽ അപേക്ഷ നൽകി കാത്തിരിക്കുക മാത്രമാണ് ആശ്രയം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
രണ്ടാം കൃഷി: ആശങ്കയേറെ
രണ്ടാം കൃഷി ഇറക്കിയവർക്കും തയാറെടുപ്പ് തുടങ്ങിയവർക്കും പാടശേഖരങ്ങളും മട വീഴ്ച ഉണ്ടായത് വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബണ്ടു തകർന്ന പാടശേഖരങ്ങളിൽ ബണ്ടു പുനർനിർമിച്ചാൽ മാത്രമേ വെള്ളം പോലും വറ്റിക്കാൻ കഴിയുകയുള്ളൂ. റിങ് ബണ്ട് നിർമിക്കാൻ ലക്ഷങ്ങൾ തന്നെ വേണ്ടി വരും. മുൻ കാലങ്ങളിൽ റിങ് ബണ്ട് നിർമിച്ചതിന്റെ തുക ഇതുവരെ ലഭിക്കാത്ത പാടശേഖരങ്ങളാണ് അധികവും. വീണ്ടും മട കെട്ടാനും ബണ്ടു നിർമിക്കാനും കൃഷി വകുപ്പ് പണം നൽകിയാൽ മാത്രമേ സാധിക്കുകയുള്ളൂ. ഇനി ബണ്ടു നിർമിച്ച് വെള്ളം വറ്റിക്കാൻ ആഴ്ചകൾ തന്നെ വേണ്ടിവരും. അങ്ങനെ വരുമ്പോൾ രണ്ടാം കൃഷി വളരെ താമസിക്കുകയും പുഞ്ചക്കൃഷിയെ ബാധിക്കുകയും ചെയ്യും.
ബസ് സർവീസുകൾ പുനരാരംഭിച്ചു
കുട്ടനാട്ടിലെ ഗ്രാമീണ മേഖലകളിലൂടെയും എടത്വ വീയപുരം ഹരിപ്പാട് ബസ് സർവീസുകളും പുനരാരംഭിച്ചു. ഇന്നലെ രാവിലെ മുതൽ തന്നെ എടത്വ, തിരുവല്ല, ചങ്ങനാശേരി തുടങ്ങിയ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ സർവീസ് നടത്തി. ഹരിപ്പാട് ഡിപ്പോയിൽ നിന്നുള്ള തിരുവല്ല ചങ്ങനാശേരി കോട്ടയം ബസുകളും ഓടിത്തുടങ്ങി. ഇനി എടത്വയിൽ നിന്നു കളങ്ങര വഴി ചങ്ങനാശേരിക്കും, മുട്ടാർ വഴി ചങ്ങനാശേരിക്കും, എടത്വ തായങ്കരി കൊടുപ്പുന്ന സർവീസുകളും മാത്രമാണ് ആരംഭിക്കാനുള്ളത്. ഇത് ഇന്നും നാളെയുമായി ആരംഭിക്കും.
ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 6നു രേഖപ്പെടുത്തിയ ജലനിരപ്പ് അപകടനില ക്രമത്തിൽ
പള്ളാത്തുരുത്തി – 1.35 (1.40)
കാവാലം – 1.51 (1.40)
നെടുമുടി – 1.51 (1.45)
മങ്കൊമ്പ് – 1.49 (1.35)
ചമ്പക്കുളം – 1.75 (1.69)
കിടങ്ങറ – 1.78 (1.97)
നീരേറ്റുപുറം – 2.38 (2.42)