നികുതി പിരിവിൽ റെക്കോർഡ്; ചെങ്ങന്നൂർ നഗരസഭ പിരിച്ചെടുത്തത് 5.34 കോടി

Mail This Article
ചെങ്ങന്നൂർ ∙ കെട്ടിടനികുതി പിരിവിൽ സർവകാല റെക്കോർഡുമായി നഗരസഭ. കഴിഞ്ഞ വർഷത്തേക്കാൾ 3 കോടിയിലേറെ രൂപയാണ് അധികമായി പിരിച്ചെടുത്തത്. 7 വാർഡുകളിൽ 100% നികുതി ശേഖരണം പൂർത്തീകരിച്ചു. നഗരസഭാ കൗൺസിലിന്റെയും സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ സെക്രട്ടറിയെയും റവന്യു വിഭാഗം ഉദ്യോഗസ്ഥരെയും കൗൺസിലർമാരെയും ആദരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം നഗരസഭയ്ക്ക് കെട്ടിട നികുതി ഇനത്തിൽ 2,56,32,341 രൂപയാണ് ലഭിച്ചത്. ഇത്തവണ നികുതി പിരിവ് ഇരട്ടിയിലധികം വർധിച്ച് 5,34,86,644 രൂപയിൽ എത്തി.
നികുതി ശേഖരണത്തിന് നേതൃത്വം നൽകിയ സെക്രട്ടറി ടി.വി.പ്രദീപ് കുമാർ, റവന്യു സൂപ്രണ്ട് എസ്.ഗിരീഷ് കുമാർ, റവന്യു ഇൻസ്‌പെക്ടർ ആർ.എസ്.ശാന്തി, ക്ലാർക്കുമാരായ രശ്മി ഭാസ്‌ക്കരൻ, ടി.ഷിബു, അശ്വതി ധരൻ, ടി.വിപിൻ ദാസ്, ജോൺസി മോൾ, അശോക് വർഗീസ്, എസ്.എ.ആശ എന്നിവരെയും നൂറു ശതമാനം പിരിവ് പൂർത്തീകരിച്ച 5,6,7,8,9,17,19 വാർഡുകളിലെ കൗൺസിലർമാരായ പി.ഡി.മോഹനൻ, ഏബ്രഹാം ജോസ്, ലതിക രഘു, അർച്ചന കെ. ഗോപി, മനീഷ് കീഴാമഠത്തിൽ, റിജോ ജോൺ ജോർജ്, ടി.കുമാരി എന്നിവരെയും ചടങ്ങിൽ ആദരിച്ചു. 1, 20 വാർഡുകളും നൂറു ശതമാനത്തിലേക്ക് അടുക്കുകയാണ്.
ഏറ്റവുമധികം വാർഡുകൾ നൂറുശതമാനം നികുതി ശേഖരണം പൂർത്തീകരിച്ചതിന് ചെങ്ങന്നൂർ നഗരസഭയ്ക്കും റവന്യു ജീവനക്കാർക്കും ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫിസിന്റെ ആദരവും ലഭിച്ചിരുന്നു.ജീവനക്കാരുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഇർഫാൻ ഹബീബ്, ആർ.ജി. അനന്തലക്ഷ്മി, എ.പി. അഭിരാം,രഹാൻ എം. ഖാൻ, എൻ. മുഹമ്മദ്, ബി. അനഘ എന്നിവരെ അനുമോദിച്ചു. ഇതോടനുബന്ധിച്ചു ചേർന്ന സമ്മേളനം നഗരസഭാധ്യക്ഷ ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.ഷിബുരാജൻ അധ്യക്ഷത വഹിച്ചു.