മഴ കുറഞ്ഞു, കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നു, കുട്ടനാട്ടിൽ ജലനിരപ്പുയർന്നു

Mail This Article
കുട്ടനാട് ∙ തുടർച്ചയായ രണ്ടാം ദിവസവും കാര്യമായ മഴ പെയ്യാതിരുന്നിട്ടും കുട്ടനാട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. ചമ്പക്കുളം മേഖലയിൽ ഇന്നലെ മാത്രം അരയടിയോളം ജലനിരപ്പാണ് ഉയർന്നത്. ശക്തമായ വേലിയേറ്റവും കിഴക്കൻ വെള്ളത്തിന്റെ വരവു തുടരുന്നതുമാണു മഴമാറി നിന്നിട്ടും ജലനിരപ്പ് ഉയരാൻ കാരണമായത്. അമ്പലപ്പുഴ – തിരുവല്ല റോഡിലടക്കം കുട്ടനാട്ടിലെ പ്രധാന റോഡുകളിലെല്ലാം വെള്ളംകയറി. എടത്വയിൽ നിന്നു മുട്ടാർ, കളങ്ങര, തായങ്കരി വഴി എസി റോഡിലെത്തുന്ന എല്ലാ കെഎസ്ആർടിസി സർവീസുകളും ഇന്നലെ നിർത്തിവച്ചു.
താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടർച്ചയായ 3–ാം ദിവസവും അവധി നൽകി. ഇന്ന് പ്ലസ് വൺ ക്ലാസുകളിൽ പ്രവേശനോത്സവം നടക്കേണ്ടതായിരുന്നു.അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ഭാഗത്തു വെള്ളം കയറി. എടത്വ – വീയപുരം റോഡിലും പരേത്തോട് – ആലംതുരുത്തി റോഡിലുമുൾപ്പെടെ വെള്ളം കയറിയെങ്കിലും ഗതാഗതത്തിനു കാര്യമായ തടസ്സമുണ്ടായില്ല.
എടത്വ – കളങ്ങര – മാമ്പുഴക്കരി, നീരേറ്റുപുറം– മുട്ടാർ – കിടങ്ങറ, എടത്വ – തായങ്കരി – രാമങ്കരി റോഡിൽ വെള്ളം കയറിയതാണ് എടത്വയിൽ നിന്ന് എസി റോഡുവഴിയുണ്ടായിരുന്ന കെഎസ്ആർടിസി സർവീസ് മുടങ്ങാൻ കാരണമായത്. ജലനിരപ്പ് ഉയർന്നെങ്കിലും കാവാലം – തട്ടാശേരി ജങ്കാർ സർവീസ് ഇന്നലെയും പ്രവർത്തിച്ചു. പുളിങ്കുന്നിൽ ജങ്കാർ സർവീസ് നടത്തിയെങ്കിലും വാഹനങ്ങൾ കയറ്റാതെ ആളുകളെ മാത്രം കയറ്റിയാണു സർവീസ് നടത്തിയത്.
കുട്ടനാട്ടിൽ ഇന്നും അവധി
മങ്കൊമ്പ് ∙ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും കലക്ടർ അവധി നൽകി. മുൻപ് നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല.