ADVERTISEMENT

ആലപ്പുഴ ∙ മഴ ശക്തമായപ്പോൾ ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾക്കുണ്ടായതു ലക്ഷങ്ങളുടെ വരുമാനനഷ്ടം. കുട്ടനാട് മേഖലയിൽ ഒട്ടേറെ സർവീസുകൾ ദിവസങ്ങളോളം നടത്താൻ കഴിഞ്ഞില്ല. ശക്തമായ മഴയുള്ള ദിവസങ്ങളിൽ യാത്രക്കാർ കുറഞ്ഞതും ബസുകളുടെ വേഗം കുറയ്ക്കേണ്ടിവന്നതുമാണു വരുമാനം കുറയാൻ പ്രധാന കാരണം.

∙ ആലപ്പുഴ ഡിപ്പോയിൽനിന്നു കുട്ടനാട്, അപ്പർ കുട്ടനാട് ഭാഗങ്ങളിലേക്കുള്ള സർവീസുകൾ മേയ് 31 മുതൽ 3 ദിവസം നിർത്തിവച്ചു. ഈ ദിവസങ്ങളിൽ ദിവസം 5 ലക്ഷം രൂപയോളം നഷ്ടമുണ്ടായി. ഏറ്റവും വരുമാനമുള്ള തിരുവല്ല – അമ്പലപ്പുഴ റൂട്ടിലാണു കൂടുതൽ നഷ്ടം. നെടുമ്പ്രം ഭാഗത്ത് വെള്ളം കയറിയതിനാൽ സർവീസ് നിർത്തിയിരുന്നു. ഈ ദിവസങ്ങളിൽ അമ്പലപ്പുഴയിൽനിന്ന് എടത്വ വരെയും തിരുവല്ലയിൽനിന്നു പൊടിയാടി വരെയും മാത്രമായിരുന്നു സർവീസ്. അതോടെ ഈ റൂട്ടിലെ വരുമാനം പകുതിയായി കുറഞ്ഞു. ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്ടിലെ ചമ്പക്കുളം, കൈനകരി, തട്ടാശേരി, പുളിങ്കുന്ന് ഭാഗങ്ങളിലേക്കുളള സർവീസുകളാണു നിർത്തിയത്.

∙ മഴ ശക്തമായതോടെ ഹരിപ്പാട് ഡിപ്പോയിൽനിന്നു വീയപുരം വഴിയുള്ള തിരുവല്ല, കോട്ടയം സർവീസുകൾ 2 ദിവസം മുടങ്ങി. 16 ട്രിപ്പുകൾ മുടങ്ങിയതോടെ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മഴക്കാലത്തു 10 ദിവസമാണു വരുമാന നഷ്ടമുണ്ടായത്. ഡിപ്പോയിൽനിന്നു ദിവസം 40 സർവീസുകളുണ്ട്. സാധാരണ ഒരു ദിവസം 5 – 6 ലക്ഷമാണു വരുമാനം. മഴക്കാലത്തു 2 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.

∙ മാവേലിക്കരയിൽ ചില ദിവസങ്ങളിൽ ഒരു ലക്ഷം രൂപയുടെ വരെ കുറവുണ്ടായി. മഴയ്ക്കൊപ്പം ഗതാഗത തടസ്സവും തിരിച്ചടിയായി. ദീർഘദൂര ബസുകൾ 2 മണിക്കൂർ വരെ വൈകുന്നതിനാൽ യാത്രക്കാർ കുറഞ്ഞു. ആദ്യ ട്രിപ് വൈകിയാൽ പിന്നാലെയുള്ളവയ്ക്കും വരുമാനം കുറയുന്ന അവസ്ഥയായി.

∙ എടത്വ ഡിപ്പോയിൽ 10 ലക്ഷത്തോളം രൂപയാണു കുറഞ്ഞത്. തുടർച്ചയായി 5 ദിവസം സർവീസുകൾ നിർത്തി. ചെറുറോഡുകളിൽ മാത്രമല്ല, അമ്പലപ്പുഴ – തിരുവല്ല റോഡിലും സർവീസുകൾ നിർത്തേണ്ടിവന്നു. ആ ദിവസങ്ങളിൽ ദിവസം 2 ലക്ഷത്തിലേറെയാണു വരുമാനം കുറഞ്ഞത്. നാലു ദിവസം മുൻപു നിർത്തിയ തായങ്കരി, കൊടുപ്പുന്ന, ചമ്പക്കുളം, മാമ്പുഴക്കരി, ചങ്ങനാശേരി, മുട്ടാർ, കിടങ്ങറ സർവീസുകൾ പുനരാരംഭിച്ചിട്ടില്ല.

∙ ചെങ്ങന്നൂരിൽ മഴയുള്ള ദിവസങ്ങളിൽ ഒരു ലക്ഷം രൂപ വരെ കുറഞ്ഞിരുന്നു. ശക്തമായ മഴയുള്ളപ്പോൾ ബസുകളുടെ വേഗത കുറയുന്നതിനാൽ ഇന്ധനനഷ്ടവുമുണ്ടായി. സാധാരണ ദിവസങ്ങളിൽ 6 ലക്ഷം വരെയായിരുന്നു വരുമാനം.

∙ കായംകുളത്തു സർവീസുകൾ ഏറെയൊന്നും കുറയ്ക്കാത്തതിനാൽ വരുമാനത്തിൽ നേരിയ കുറവേ ഉണ്ടായുള്ളൂ. ഡ്രൈവർമാർ കുറവായതിനാൽ ചില സർവീസുകൾ കുറച്ചിരുന്നു. 7 ലക്ഷമാണു ദിവസം ശരാശരി വരുമാനം. മഴ ശക്തമായ ദിവസങ്ങളിൽ 20,000 രൂപ വരെ കുറഞ്ഞിരുന്നു.

∙ ചേർത്തലയിൽ വരുമാനം കുറഞ്ഞില്ല. 65 സർവീസുകളും നടക്കുന്നുണ്ട്. ബജറ്റ് ടൂർ പാക്കേജിലെ 20 സർവീസുകളും മുടങ്ങിയില്ല.

English Summary:

Heavy rains have severely impacted the revenue of KSRTC depots in Alappuzha. Bus services in the Kuttanad region faced disruptions due to decreased passenger numbers and reduced bus speeds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com