ADVERTISEMENT

ബെംഗളൂരു ∙ വിമാന മാതൃകയിലുള്ള റസ്റ്ററന്റുകൾക്ക് രാജ്യത്ത് പ്രിയം ഏറുന്നതായി ബെംഗളൂരു ആസ്ഥാനമായ റോയൽ നാഗ് ഏവിയേഷൻ കമ്പനി. രാജസ്ഥാൻ, ഡഹറാഡൂൺ, വഡോദര തുടങ്ങിയ ഇടങ്ങളിൽ നിന്ന് ഇത്തരം വിമാന മാതൃകകൾ നിർമിച്ചു നൽകാനായി ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് നരേഷ് കുമാർ ഗണേഷ് പറഞ്ഞു. 2013ൽ സ്ഥാപിച്ച കമ്പനി ഇതുവരെ എയർബസ് എ 320 സെസ്ന, ഹൻസ, ബീച്ച് ക്രാഫ്റ്റ് എന്നീ വിമാനങ്ങളുടെ മാതൃകയാണ് നിർമിച്ചിട്ടുള്ളത്. ഇതിൽ എയർബസ് മാതൃകയുണ്ടാക്കി എത്തിച്ചു കൊടുക്കുന്നതിന് 1.9 കോടി രൂപയാണു ചെലവ്.

എയർ ഇന്ത്യയുടെ പഴയ വിമാനം വിലയ്ക്കു വാങ്ങിയാണ് ഇതിന്റെ മോൾഡുകൾ തയാറാക്കിയത്. ഗ്ലാസ് ഫൈബർ, അലൂമിനിയം, സ്റ്റീൽ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമാണം. മാതൃക നിർമിച്ചു കഴിഞ്ഞാൽ ഇതിനുള്ളിലെ സീറ്റിങ്ങും മറ്റും റസ്റ്ററന്റ് ഉടമകൾക്കു തീരുമാനിക്കാം. ഇവർ നിർമിച്ച ആദ്യ എയർക്രാഫ്റ്റ് റസ്റ്ററന്റ് ഡഹറാഡൂണിലാണുള്ളത്. ഇതിനുള്ളിൽ 100 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാം.

ലുധിയാനയിലും ഡൽഹിയിലും പാട്യാലയിലുമൊക്കെ യഥാർഥ വിമാനങ്ങൾ ഉപയോഗിച്ചുള്ള റസ്റ്ററന്റുകളുണ്ട്. എന്നാൽ 40 വർഷമെങ്കിലും പഴയെ വിമാനങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ ഇവ തുരുമ്പെടുത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് യഥാർഥ വിമാനത്തെ വെല്ലുന്ന മാതൃകകൾക്കായി ആവശ്യക്കാരെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com