ADVERTISEMENT

ബെംഗളൂരു ∙ ഈ മാസം ഇന്നലെ വരെ ദക്ഷിണ പശ്ചിമ റെയിൽവേ റദ്ദാക്കിയത് ബെംഗളൂരുവിൽ നിന്നുള്ള 36 ട്രെയിനുകൾ. കോവിഡിനെതിരെയുള്ള മുൻകരുതൽ മാത്രമല്ല, മുൻകൂർ ബുക്കിങ് കുത്തനെ ഇടിഞ്ഞതും കാരണമായി. ബെംഗളൂരുവിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിൽ മാസങ്ങൾക്കു മുൻപേ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ ആകാറാണ് പതിവ്.

എന്നാൽ കോവിഡ് പിടിമുറുക്കിയ ഈ മാസം ബെംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളിലെ റിസർവേഷൻ പരമാവധി 21% ആയി കുറഞ്ഞു. ഇതിൽ മൈസൂരു-യെലഹങ്ക മാൽഗുഡി(16024) ട്രെയിനിൽ 1.69% ബുക്കിങ് മാത്രമേ നടന്നുള്ളു. പാലക്കാട്, കോഴിക്കോട് വഴിയുള്ള യശ്വന്ത്പുര-മംഗളൂരു(16565) പ്രതിവാര എക്സ്പ്രസിലെ ബുക്കിങ് 10.2% മാത്രം. കോവിഡിനെതിരെ പ്രതിരോധ നടപടികൾ ശക്തമാകുന്ന മുറയ്ക്കു ബെംഗളൂരുവിൽ നിന്നുള്ള കൂടുതൽ ട്രെയിനുകൾ വരും ദിവസങ്ങളിൽ റദ്ദാക്കുമെന്ന് റെയിൽവേ അധികൃതർ സൂചന നൽകി. 

യാത്ര ഉപേക്ഷിച്ച്  മലയാളികൾ

ഐടി ജീവനക്കാർ ഉൾപ്പെടെ വീട്ടിലിരുന്നു ജോലി ചെയ്യുന്ന മലയാളികളെല്ലാം ഇത്തവണ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയതാണ് ട്രെയിനിലെ തിരക്കു കുറയാനുള്ള പ്രധാന കാരണം. ശനിയും ഞായറും അവധി ആയതിനാൽ എല്ലാ ആഴ്ചയും നാട്ടിൽ പോയി വരാറുള്ളവരും ഇക്കൂട്ടത്തിലുണ്ട്. കർണാടക, തമിഴ്നാട് അതിർത്തി പലയിടത്തും അടച്ചുവെന്ന വാർത്തകളെ തുടർന്നു നാട്ടിലേക്കു സ്വന്തം വാഹനത്തിൽ പോകാനിരുന്നവരും യാത്ര ഉപേക്ഷിച്ചിട്ടുണ്ട്. 

ആളില്ലാതെ കേരള ട്രെയിനുകൾ

ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുൾപ്പെടെ സർവീസ് തുടരുന്ന മറ്റു ദീർഘദൂര ട്രെയിനുകളിലും നൂറുകണക്കിനു സീറ്റുകൾ കാലിയാണ്. ഇന്നലെ ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട കൊച്ചുവേളി ഹംസഫർ(16320), കന്യാകുമാരി(16526), കൊച്ചുവേളി(16315), കണ്ണൂർ(16527) എക്സ്പ്രസ് ട്രെയിനുകളിലായി രണ്ടായിരത്തോളം ടിക്കറ്റുകളാണ് ബാക്കിയായത്. സാധാരണ വെള്ളിയാഴ്ചകളിൽ ഈ ട്രെയിനുകളിലായി മുവായിരത്തോളം പേർ വെയ്റ്റ്ലിസ്റ്റിൽ ഉണ്ടാകാറുണ്ട്. നാളെ നാട്ടിൽ നിന്നു ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രധാനമന്ത്രി രാജ്യത്ത് ‘ജനതാ കർഫ്യു’ കൂടി പ്രഖ്യാപിച്ചിരിക്കുന്ന ദിവസമായ നാളെ കേരളത്തിൽ നിന്നുള്ള ട്രെയിനുകളിൽ ആയിരക്കണക്കിനു ടിക്കറ്റുകൾ ഇനിയും വിറ്റഴിഞ്ഞിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com