sections
MORE

കർണാടക ആർ‌ടിസി സർവീസ് ഭാഗികമായി പുനരാരംഭിച്ചു ആദ്യ ദിനത്തിൽ തന്നെ ഒന്നൊന്നരയോട്ടം !

bengaluru news
കർണാടക ആർടിസി ബസ് സർവീസ് പുനരാരംഭിച്ചതോടെ മജസ്റ്റിക് ബസ് ടെർമിനലിലെ റിസർവേഷൻ കൗണ്ടറിലെ തിരക്ക്.
SHARE

ബെംഗളൂരു ∙ നീണ്ട 50 ദിവസത്തിനു ശേഷം സർവീസ് പുനരാരംഭിച്ചതോടെ കർണാടക ആർ‌ടിസി സ്റ്റാൻഡുകളിൽ യാത്രക്കാരുടെ തിക്കുംതിരക്കും. റിസർവേഷൻ കൗണ്ടറുകളിൽ തിരക്കു കൂടിയതോടെ കൂടുതൽ ബസുകൾ അനുവദിച്ച ആർടിസി, യാത്രക്കാരോട് ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനും  നിർദേശിച്ചു. ബെംഗളൂരുവിലെ പ്രധാന സ്റ്റേഷനായ മജസ്റ്റിക് കെംപെഗൗഡ സ്റ്റേഷനിൽ റിസർവേഷൻ കൗണ്ടറുകൾക്കു മുന്നിലും ബസുകളുടെ ചവിട്ടു പടിക്കു സമീപവും അകലം പാലിക്കാൻ മാർക്കിങ് നടത്തിയിരുന്നു.

പക്ഷേ നിയന്ത്രിക്കാവുന്നതിലുമേറെ പേർ എത്തിയതോടെ പ്രതിരോധം ദുർബലമായി. ഒരു ബസിൽ പരമാവധി 30 പേരെയേ കയറ്റൂ എന്നിരിക്കെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകാൻ തൊഴിലാളികൾ ഉൾപ്പെടെ ആയിരങ്ങളെത്തി. സംസ്ഥാനത്തിനകത്തു യാത്ര ചെയ്യാൻ പ്രത്യേക റജിസ്ട്രേഷൻ വേണ്ടെന്നതും കർണാടക ആർടിസിയുടെ കണക്കുകൂട്ടൽ തെറ്റിച്ചു.

ശിവമൊഗ്ഗ, ചിക്കമഗളൂരു, ദാവനഗെരെ, മൈസൂരു, മടിക്കേരി, മംഗളൂരു, കുന്ദാപുര, ഹൊസ്പേട്ട്, സിർസി, ബെളഗാവി, കാർവാർ, ധാർവാഡ് എന്നിവിടങ്ങളിലേക്കായി അഞ്ഞൂറിലേറെ സർവീസ് നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ യാത്രക്കാർ കൂട്ടമായി എത്തിയതോടെ കൂടുതൽ ബസുകൾ ഇറക്കേണ്ടി വന്നു. ഇന്നലെ വൈകിട്ട് 4 വരെ 1535 സർവീസുകൾ നടത്തിയതായി കർണാടക ആർടിസി അറിയിച്ചു.

സ്വകാര്യ ബസ് സർവീസ് :അനുമതി കിട്ടിയെങ്കിലും ഉടമകൾ ഇടഞ്ഞു തന്നെ

ബെംഗളൂരു ∙ സ്വകാര്യ ബസുകൾക്ക് അതതു ജില്ലകൾക്കുള്ളിൽ നിയന്ത്രണങ്ങളോടെ സർവീസ് നടത്താൻ അനുമതി നൽകിയെങ്കിലും നിയന്ത്രണങ്ങളോടെ ഓടിക്കാൻ സാധിക്കില്ലെന്ന് ഉടമകൾ. സ്വകാര്യ ബസ് സർവീസുകൾ കൂടുതലുള്ള ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിലെ ഉടമകളാണ് നഷ്ടം സഹിച്ച് സർവീസ് നടത്താനാകില്ലെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പറഞ്ഞത്.

6 മാസത്തേക്കു  നികുതി ഇളവ് അനുവദിച്ചാൽ മാത്രമേ അകലം പാലിച്ച് സർവീസ് നടത്താൻ സാധിക്കുകയുള്ളൂവെന്നും ഇത് അനുവദിച്ചാൽ ജൂൺ 1 മുതൽ സർവീസ് നടത്താൻ തയാറാണെന്നും ദക്ഷിണ കന്നഡ ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ദിൽരാജ് ആൽവ പറഞ്ഞു. 

ട്രെയിൻ സർവീസ് ‘ട്രാക്കിലാകാൻ’ സമയമെടുക്കും

ബെംഗളൂരു ∙ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യക്തമായ നിർദേശം ലഭിച്ച ശേഷമേ ബെംഗളൂരു സബേർബൻ ഉൾപ്പെടെ സംസ്ഥാനത്തിനകത്തെ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കു എന്നു വ്യക്തമാക്കി ദക്ഷിണ പശ്ചിമ റെയിൽവേ. കോവിഡ് ബാധിതരുള്ള കണ്ടെയ്ൻമെന്റ് സോണുകൾക്കു പുറത്തു പൊതുഗതാഗതം സജീവമാക്കുമെന്നു സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഓട്ടോ, ടാക്സി, ബിഎംടിസി, കർണാടക ആർടിസി സർവീസുകൾ ഇന്നലെ പുനരാരംഭിക്കുകയും ചെയ്തു.

പക്ഷേ ട്രെയിൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ സ്റ്റേഷനുകളിൽ എത്തിയവർ നിരാശരായി മടങ്ങി. ഐടി ഹബ്ബുകളായ ഇലക്ട്രോണിക് സിറ്റി(ഹീലലിഗെ), വൈറ്റ്ഫീൽഡ്, ഔട്ടർ റിങ് റോഡ്(ബെലന്തൂർ റോഡ്) എന്നിവയെ ബന്ധിപ്പിച്ചുള്ള സബേർബൻ സർവീസുകളെ പതിനായിരക്കണക്കിന് ആളുകളാണ് ആശ്രയിച്ചിരുന്നത്. നെലമംഗല, ദേവനഹള്ളി, ഹൊസൂർ (തമിഴ്നാട്) എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ മജസ്റ്റിക്, കെആർ മാർക്കറ്റ് എന്നിവിടങ്ങളിലെല്ലാം ഉൽപന്നങ്ങൾ എത്തിച്ചിരുന്നതും സബേർബൻ ട്രെയിനുകളിൽ ആയിരുന്നു.

റോഡ് മാർഗം ആയിരക്കണക്കിനു രൂപ വേണ്ടിടത്തു ട്രെയിനിൽ 50 രൂപയിൽ താഴെ ടിക്കറ്റിനു മുടക്കിയാൽ മതി. പക്ഷേ ഇത്തരം ഹ്രസ്വദൂര ട്രെയിൻ സർവീസ് പോലും പുനരാരംഭിക്കുന്നതിനു കേന്ദ്ര റെയിൽവേയുടെ അനുമതി വേണം. മാത്രമല്ല, ട്രെയിനിനുള്ളിൽ യാത്രക്കാർ തമ്മിൽ അകലം പാലിക്കാൻ നടപടിയും സ്വീകരിക്കണം. അതിനാൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ കാത്തിരിക്കൂ എന്നാണ് ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതർ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN bengaluru
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA