sections
MORE

കോവിഡ് നേരിടാൻ സർക്കാർ ആകാശത്തും അതിരുകെട്ടി; റോഡ് വഴി വരുന്നവർക്കും താൽകാലിക നിയന്ത്രണം

SHARE

ബെംഗളൂരു ∙ കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടാൻ വഴിയൊരുക്കിയ 5 സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ.കോവിഡ് തീവ്രവ്യാപനമുണ്ടായ മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസിനൊപ്പം  ആദ്യ 3 സംസ്ഥാനങ്ങളിൽ നിന്നു റോഡ് മാർഗം വരുന്നവർക്കും നിയന്ത്രണമുണ്ടാകും.

ഇവിടെ നിന്നുള്ളവരുടെ ഒഴുക്കാണ് സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചത്, ഫല പ്രഖ്യാപന തോതിനേയും ബാധിച്ചു. ഇക്കാരണങ്ങളാലാണ് കുറച്ചുദിവസത്തേക്ക് നിയന്ത്രണമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിനു ശേഷം നിയമമന്ത്രി ജെ.സി മധുസ്വാമി വ്യക്തമാക്കി. അതേ സമയം കർണാടകയിൽ നിന്ന് ഈ സംസ്ഥാനങ്ങളിലേക്കു പോകേണ്ടവർക്ക് അനുമതിക്കു തടസ്സമില്ല. 

സമ്പൂർണ വിമാന നിരോധനമല്ല

ഈ 5 സംസ്ഥാനങ്ങളിൽ നിന്നുള്ള വിമാനസർവീസ് സമ്പൂർണമായി നിരോധിക്കില്ല. സർവീസുകൾ കുറയ്ക്കാൻ മാത്രമാണ് തീരുമാനം. ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മധുസ്വാമി വ്യക്തമാക്കി. യാത്രക്കാർ കൂടുതലായി എത്തുന്ന സാഹചര്യമുണ്ടായാൽ സംസ്ഥാനത്തെ ക്വാറന്റീൻ സംവിധാനം താറുമാറാകുമെന്നും കേന്ദ്രത്തെ അറിയിച്ചു. ഇന്നലെ സ്ഥിരീകരിച്ച 115 കോവിഡ് രോഗികളിൽ 95 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്.

സ്രവ പരിശോധന ഇനി സ്മാർട്

ബെംഗളൂരു ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സ്രവ സാംപിളുകൾ വ്യാപകമായി ശേഖരിക്കാൻ 15 സ്മാർട് സ്ക്രീനിങ് കിയോസ്കുകളുമായി ആരോഗ്യവകുപ്പ്. ശാരീരിക സമ്പർക്കമില്ലാതെ സ്രവം പരിശോധനയ്ക്ക് അവസരം ലഭിക്കുമെന്നതാണ് വിപ്രോ ജിഇ വികസിപ്പിച്ചെടുത്ത കിയോസ്കുകളുടെ പ്രത്യേകത. നിലവിൽ ഇന്ത്യൻ മെഡിക്കൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അംഗീകരിച്ച സർക്കാർ, സ്വകാര്യ ലാബുകളിലാണ്  ശ്രവ പരിശോധന നടക്കുന്നത്. വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ സ്മാർട് കിയോസ്കുകൾ എത്തിച്ച് പരിശോധന വ്യാപകമാക്കും.

കണക്കുകൂട്ടൽ തെറ്റിച്ച് കോവിഡ്

ബെംഗളൂരു ∙ കഴിഞ്ഞ 13 ദിവസങ്ങൾക്കിടെ കർണാടകയിൽ ആയിരത്തിഅഞ്ഞൂറിലേറെ രോഗികൾ. സംസ്ഥാനത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത് മാർച്ച് 9ന്. രോഗികളുടെ എണ്ണം 1000 കടന്നത് കഴിഞ്ഞ 15ന്. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. ഇതിലേറെയും മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരും. കേരളത്തിൽ നിന്ന് ഉഡുപ്പിയിലെത്തിയ 34 വയസുകാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ആശുപത്രിയിൽ ചികിൽസയിൽ

∙ വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ള കോവിഡ് രോഗികൾ- 1650. ഇതിൽ 13 പേർ തീവ്രപരിചരണ വിഭാഗത്തിൽ.
∙ രോഗമുക്തരായി ആശുപത്രി വിട്ടവർ- 834. ഇന്നലെ മാത്രം ഡിസ്ചാർജ് ചെയ്തവർ -53
∙ ബെംഗളൂരുവിൽ ഇന്നലെ 9 രോഗികൾ. ജില്ലയിൽ ഇതേവരെ 291 രോഗികൾ. ഇതിൽ 151 പേരെ ഡിസ്ചാർജ് ചെയ്തതും മരണങ്ങളും ഒഴികെ നിലവിൽ ചികിൽസയിലുള്ളവർ- 129 പേർ
∙ ഉഡുപ്പിയിലാണ് ഇന്നലെ ഏറ്റവുമധികം രോഗികൾ- 29 പേർ. പിന്നാലെ 24 രോഗികളുമായി ദക്ഷിണ കന്നഡ.

നിരീക്ഷണത്തിൽ 23851 പേർ

∙ പൊതുക്വാറന്റീനുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവർ- 23851
∙ ഇതേവരെ 252078 സ്രവസാംപിൾ പരിശോധിച്ചതിൽ 246115 എണ്ണം നെഗറ്റീവ്. ബാക്കി ഫലത്തിന് കാത്തിരിക്കുന്നു.
∙ ഇന്നലെ മാത്രം പരിശോധിച്ച സ്രവ സാംപിൾ- 10470. ഇതിൽ ഫലം വന്നത്- 10239
∙ ബിബിഎംപിയുടെ 31 പനി ക്ലിനിക്കുകളിൽ പരിശോധിച്ചവർ- 10875. ഇന്നലെ 267 പേർ.
∙ സംസ്ഥാനത്തെ 532 സർക്കാർ ആശുപത്രികളിലെ പനി ക്ലിനിക്കുകളിൽ എത്തിയവർ- 584338. ഇന്നലെ 13908.

മുദ്രവയ്ക്കൽ നിർബന്ധം 

ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ 7 ദിവസത്തെ പൊതു ക്വാറന്റീനിൽ കഴിഞ്ഞ ശേഷം ബാക്കി 7 ദിവസം വീടുകളിൽ നിരീക്ഷണത്തിനായി പോകുമ്പോൾ, കൈയിൽ മുദ്ര പതിപ്പിക്കുന്നതും ‘ക്വാറന്റീൻ വാച്ച് ആപ്പിൽ’ റജിസ്റ്റർ ചെയ്യുന്നതും നിർബന്ധമാക്കി. വീടുകളിലും മറ്റും നിരീക്ഷണത്തിൽ കഴിയാതെ മുങ്ങുന്നവർ ഏറുകയാണ്. ഇതു തടയാനാണ് ആപ്പിൽ റജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN bengaluru
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA