ADVERTISEMENT

ബെംഗളൂരു ∙ ഇന്നും നാളെയുമായി നിശ്ചയിച്ചിരിക്കുന്ന കർണാടക പൊതു പ്രവേശന പരീക്ഷ(സിഇടി) മാറ്റി വയ്ക്കാൻ വിസമ്മതിച്ച് ഹൈക്കോടതി. വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐയും മറ്റു ചിലരും സമർപ്പിച്ച ഹർജിയിൽ ഇന്നലെ 4 മണിക്കൂർ നീണ്ട‍ വാദത്തിനു ശേഷമായിരുന്നു വിധി. പരീക്ഷയെഴുതാൻ എല്ലാ വിദ്യാർഥികളെയും അനുവദിക്കണമെന്നും ഒരാളെയും തടയുന്നില്ലെന്നു പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

∙ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ പാലിച്ച് സർക്കാർ എസ്എസ്എൽസി, പിയുസി പരീക്ഷകൾ വിജയകരമായി നടത്തിയെന്നും അതിനാൽ സിഇടി ഇന്നും നാളെയുമായി നടത്താനാണ് തീരുമാനമെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ അഡ്വ.ജനറൽ ധ്യാൻ ചിന്നപ്പ ഇന്നലെ 3നു വാദം തുടങ്ങുമ്പോൾ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ സിഇടിക്കുള്ള മാനദണ്ഡങ്ങൾ മേയ് 17നാണ് പുറപ്പെടുവിച്ചതെന്നും അപ്പോഴത്തെ സാഹചര്യമല്ല ഇപ്പോഴെന്നും ഹർജിക്കാർക്കു വേണ്ടി  അഭിഭാഷൻ പൊന്നണ്ണ വാദിച്ചു. എസ്എസ്എൽസി, പിയുസി പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകും. പക്ഷേ സിഇടിക്ക് അതു ലഭിക്കില്ല. അതിനാൽ നീറ്റ് ഉൾപ്പെടെ കേന്ദ്ര പരീക്ഷകൾക്കു ശേഷം സിഇടി നടത്തിയാൽ മതിയെന്നും ഇവർ വാദിച്ചു.  കേരളത്തിൽ പൊതുപ്രവേശന പരീക്ഷയെ തുടർന്നു വിദ്യാർ‌ഥികൾക്ക് കോവിഡ് പോസിറ്റീവ് ആയതും ചൂണ്ടിക്കാട്ടി. 

 തിടുക്കമെന്തിന്: കോടതി

സിഇടി എഴുതുന്നവരിൽ 40 പേർ‍ കോവിഡ് ബാധിച്ചവരാണെന്ന് അറിയിച്ച സർക്കാരിനോട്, നീറ്റ് പോലും മാറ്റിവച്ച സാഹചര്യത്തിൽ ഇത്ര തിടുക്കത്തിൽ പരീക്ഷ നടത്തേണ്ട ആവശ്യമെന്തെന്നും കോടതി ചോദിച്ചു. 

എന്നാൽ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതിനാൽ പരീക്ഷ മാറ്റിവയ്ക്കുന്നതു വലിയ സാമ്പത്തിക ബാധ്യതയാകുമെന്നു ധ്യാൻ ചിന്നപ്പ പറഞ്ഞു. 

കോവി‍ഡ് പോസിറ്റീവ് ആയവർക്കും പരീക്ഷയെഴുതാം. ഇവർക്കും ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർഥികൾക്കും പ്രത്യേക മുറി ഏർപ്പെടുത്തും. അതേസമയം ഇന്നു പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com