ADVERTISEMENT

ബെംഗളൂരു ∙ നഗരത്തിലെ രോഗവ്യാപനവും മരണ നിരക്കും ഉയരുന്ന പശ്ചാത്തലത്തിൽ പരിശോധനാ സംവിധാനം ഇരട്ടിയാക്കാൻ നഗരസഭ. പ്രതിദിനം 10,000 പേരിൽ നടത്തിവരുന്ന റാപ്പിഡ് ആന്റിജൻ, ആർടിപിസിആർ (സ്രവ) പരിശോധന ഇരട്ടിയാക്കാനാണ് ബിബിഎംപി കമ്മിഷണർ വി. മഞ്ചുനാഥ പ്രസാദിന്റെ നിർദേശം.  ദിവസേന ശരാശരി രണ്ടായിരത്തോളം പേർക്കാണ് നഗരപരിധിയിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്നലെ 1848 പേർ കൂടി പോസിറ്റീവ്. മൊത്തം 64,881. ഇതിൽ 32,757 പേർ ചികിത്സയിൽ തുടരുന്നു. ഇന്നലെ 29 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,163‌ ആയി. 

നഗരത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, വീടുകളിൽ സന്ദർശനം നടത്തുന്ന മൊബൈൽ യൂണിറ്റുകൾ എന്നിവയിലായി പ്രതിദിനം 6000, സ്വകാര്യ ആശുപത്രികളിൽ ശരാശരി 4000 എന്നിങ്ങനെയാണ് പ്രതിദിനം കോവിഡ് പരിശോധന നടത്തിവരുന്നത്. അടുത്തയാഴ്ചയോടെ ഇത് പ്രതിദിനം 20000 പരിശോധനയിലേക്ക് ഉയർത്താനായാൽ കോവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി ക്വാറന്റീൻ ചെയ്യാനാകും.  ഇതിലൂടെ രോഗവ്യാപനവും മരണനിരക്കും കുറച്ച് സ്ഥിതിഗതികൾ വരുതിയിലാക്കാനാകുമെന്ന പ്രതീക്ഷയും മഞ്ചുനാഥ പ്രസാദ് പങ്കുവച്ചു.

നഗരസഭയുടെ 8 സോണുകളിലെ വീടുവീടാന്തരമുള്ള പരിശോധന പുരോഗമിക്കുകയാണ്. മുതിർന്ന പൗരൻമാർക്കും മറ്റു ജീവിതശൈലി രോഗമുള്ളവർക്കുമാണ് നിലവിൽ മുൻഗണന നൽകി വരുന്നത്. സ്വന്തം നിലയ്ക്ക് കോവിഡ് പരിശോധന നടത്താൻ താൽപര്യമുള്ളവർക്ക്  സോൺ തലത്തിൽ ഹെൽപ് ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. വീടിനടുത്ത കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ കണ്ടെത്താൻ ഇതുപകരിക്കും.

മരണനിരക്ക് പഠിക്കാൻ വിദഗ്ധ സമിതി

നഗരസഭാ പരിധിയിൽ മരണങ്ങളേറുന്ന പശ്ചാത്തലത്തിൽ പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ ബിബിഎംപിക്ക് ആരോഗ്യവകുപ്പിന്റെ നിർദേശം. നിലവിൽ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല വൈസ് ചാൻസലറുടെ നേതൃത്വത്തിൽ ഒരു സമിതി സർക്കാരിനു കീഴിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമേയാണ് മറ്റൊരു സമിതിയെ കൂടി നിയോഗിക്കാൻ ഉപമുഖ്യമന്ത്രി ഡോ.സി.എൻ അശ്വഥനാരായണ നിർദേശം നൽകിയിരിക്കുന്നത്.

 സർക്കാർ, സ്വകാര്യ ആശുപത്രികളിലും മറ്റും കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ കണക്കെടുത്തു പരിശോധിക്കാനാണ് നിർദേശം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com