ADVERTISEMENT

ബെംഗളൂരു ∙ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബയ്യപ്പനഹള്ളി കോച്ച് ടെർമിനലിന്റെ ആദ്യഘട്ട നിർമാണം നവംബറിൽ പൂർത്തിയാകുമെങ്കിലും, ഇവിടേക്ക് എത്തിപ്പെടാൻ നല്ലൊരു റോഡ് ഇല്ലാത്തത് പദ്ധതിയുടെ മാറ്റുകുറയ്ക്കും. അതിനാൽ, ഓൾഡ് മദ്രാസ് റോഡിനേയും ബനസവാടിയേയും ബന്ധിപ്പിച്ച് 4 വരി റോഡിനുള്ള സാധ്യത പഠനം നടത്തുകയാണ് ബിബിഎംപി.

ബയ്യപ്പനഹള്ളി റെയിൽവേ, മെട്രോ സ്റ്റേഷനുകളിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള ടെർമിനലിലേക്ക് നിലവിൽ ഗുഡ്സ് യാർഡിലേക്കുള്ള തകർന്ന റോഡ് മാത്രമാണു നിലവിലുള്ളത്. റോഡ് വീതി കൂട്ടുന്നതു പുറമേ ബിഎംടിസി ബസ് സർവീസ് കൂടി ആരംഭിച്ചാൽ മാത്രമേ ടെർമിനലിലേക്കുള്ള യാത്ര സുഗമമാകൂ. ദീർഘദൂര ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി റോഡ് സൗകര്യം ഒരുക്കിയില്ലെങ്കിൽ ഗതാഗതക്കുരുക്കും രൂക്ഷമാകും.

സ്ഥലമേറ്റെടുപ്പിന് തടസ്സമുണ്ടാകില്ല

ഓൾഡ് മദ്രാസ് റോഡിനേയും ബനസവാടിയേയും ബന്ധിപ്പിച്ചുള്ള 2 വരി റോഡിന് പലയിടങ്ങളിലും വീതി കുറവായതിനാൽ വലിയവാഹനങ്ങൾ കുടുങ്ങുന്നതു പതിവാണ്. ടെർമിനലിനു സമീപത്തെ റോഡിന്റെ ഇരുവശങ്ങളിലെയും സ്ഥലങ്ങൾ റെയിൽവേയുടേയും സംസ്ഥാന സർക്കാരിന്റെയും ഉടമസ്ഥതയിലുള്ളതാണ്. അതുകൊണ്ടു തന്നെ റോഡ് വീതികൂട്ടാനുള്ള സ്ഥലമേറ്റെടുപ്പിന് വലിയ തടസ്സങ്ങളുണ്ടാകാൻ ഇട‍യില്ല.

പൂർത്തിയാകാതെ മേൽപാല നിർമാണം

കോച്ച് ടെർമിനലിനു സമീപം 2012ൽ പൂർത്തിയായ ബയ്യപ്പനഹള്ളി റെയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡും ഇതേവരെ പൂർത്തിയായിട്ടില്ല. പ്രതിരോധ വകുപ്പിന്റെ ഭൂമിയായതിനാൽ നീണ്ടുപോയതാണ് കാരണം. 2019ലാണ് സ്ഥലം വിട്ടുകൊടുത്തത്. ഓൾഡ് മദ്രാസ് റോഡിനേയും ബാനസവാ‍ടിയേയും ബന്ധിപ്പിക്കുന്ന റോഡിലെ റെയിൽവേ ഗേറ്റിന് പകരമായാണ് മേൽപാലം നിർമിക്കുന്നത്. ഗേറ്റ് ഓരോ തവണ അടയ്ക്കുമ്പോഴും വാഹനങ്ങളുടെ നീണ്ടനിര ഇവിടെ പതിവാണ്. കെഎസ്ആർ ബെംഗളൂരു സിറ്റിക്കും കെആർ പുരത്തിനും ഇടയിലുള്ള പ്രധാന റെയിൽവേ ഗേറ്റായ ബയ്യപ്പനഹള്ളി ഒരു മണിക്കൂറിനുള്ളിൽ ചുരുങ്ങിയത് 3 തവണയെങ്കിലും അടയ്ക്കുന്നതായാണു കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com