ADVERTISEMENT

ബെംഗളൂരു ∙ മറാഠി സംസാരിക്കുന്നവർ വസിക്കുന്ന കർണാടകയിലെ പ്രദേശങ്ങൾ മഹാരാഷ്ട്രയോടു കൂട്ടിച്ചേർക്കുമെന്നു  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ കർണാടകയിൽ പ്രതിഷേധം ശക്തം. കന്നഡ അനുകൂല സംഘടനകൾ സംസ്ഥാനത്തു പലയിടത്തും താക്കറെയുടെ കോലം കത്തിച്ചു. ബിജെപിയും പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ജനതാദൾ എസും താക്കറയ്ക്ക് എതിരെ രംഗത്തെത്തി.

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സൗഹാർദം തകർക്കുന്നതാണു പ്രസ്താവനയെന്നും താക്കറെ രാഷ്ട്രീയം കളിക്കരുതെന്നും മുഖ്യമന്ത്രി യെഡിയൂരപ്പ പറഞ്ഞു. മഹാരാഷ്ട്രയിലെ കന്നഡിഗരും കർണാടകയിലെ മറാഠികളും വർഷങ്ങളായി സൗഹാർദത്തോടെയാണു ജീവിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പ്രാദേശികവാദം ഉന്നയിക്കുന്നതു രാജ്യത്തിന്റെ ഐക്യത്തിനു ദോഷമാണ്.

സംസ്ഥാന അതിർത്തി സംബന്ധിച്ച് മഹാജൻ റിപ്പോർട്ട് അന്തിമമാണെന്ന് എല്ലാവർക്കും അറിയാമെന്നു കോൺഗ്രസ് കക്ഷിനേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. താക്കറെ ശിവസേന നേതാവ് മാത്രമല്ല, ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രി കൂടിയാണെന്ന് ഓർക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

കന്നഡ രാജാക്കൻമാർ ഒരു കാലത്തു മഹാരാഷ്ട്രയുടെ ഭാഗങ്ങളും ഭരിച്ചിട്ടുണ്ടെന്നും ആരാണ് കയ്യേറ്റം നടത്തിയതെന്നു താക്കറെ ഓർമിക്കുന്നതു നല്ലതാണെന്നും ജനതാദൾ എസ് നിയമസഭാ കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവിലും ബെളഗാവിയിലും കന്നഡ അനുകൂല സംഘടനകൾ‍ ഇന്നലെ വൻ പ്രതിഷേധം നടത്തി. ബെളഗാവിയിലെ ചെന്നമ്മ സർക്കിളിൽ കർണാടക രക്ഷണ വേദികെ പ്രവർത്തകർ താക്കറെയുടെ കോലം കത്തിച്ചു. കന്നഡ ചലുവലി വാട്ടാൽപക്ഷ നേതാവ് വാട്ടാൽ നാഗരാജിന്റെ നേതൃത്വത്തിലായിരുന്നു ബെംഗളൂരുവിലെ പ്രതിഷേധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com