ADVERTISEMENT

ബെംഗളൂരു ∙ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനു പിന്നാലെ കേരളത്തിൽ നിന്നെത്തുന്നവരോട് അതിർത്തി ചെക്പോസ്റ്റുകളിൽ പൊലീസ് കൈക്കൂലി ആവശ്യപ്പെടുന്നതായും പരാതി. വിഷുവിനു ശേഷം സുഹൃത്തിനൊപ്പം നാട്ടിൽ നിന്നു ബെംഗളൂരുവിലേക്കു എത്തിയ മലയാളിയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. രേഖകളെല്ലാം ഉണ്ടായിട്ടും കർഫ്യൂ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പണം ആവശ്യപ്പെട്ടത്.

∙ വിഷു ദിനത്തിൽ ഉച്ചയ്ക്കു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 2 മണിയോടെയാണ് തമിഴ്നാട്-കർണാടക അതിർത്തിയായ അത്തിബെലെയിൽ എത്തിയതെന്നു കോട്ടയം സ്വദേശിയും ബെംഗളൂരുവിൽ ബാങ്ക് ജീവനക്കാരനുമായ ആൽവിൻ പറയുന്നു. ടോൾ ബൂത്ത് കഴിഞ്ഞ് 200 മീറ്റർ പിന്നിട്ടപ്പോൾ ചെക്പോസ്റ്റിലുണ്ടായിരുന്ന പൊലീസ് വാഹനം  തടഞ്ഞു. 2 പേരുടെയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ചെങ്കിലും ബെംഗളൂരുവിൽ കർഫ്യൂ ആണെന്നും ഈ സമയത്തു വാഹനം ഓടിക്കാൻ പാടില്ലെന്ന് അറിയില്ലേയെന്നുമായി ചോദ്യം. കർഫ്യൂ ലംഘിച്ചതിനാൽ വാഹനം പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോകേണ്ടി വരുമെന്നും പറഞ്ഞു. ബാങ്ക് ജീവനക്കാരാണെന്നും രാവിലെ ജോലിക്കു ഹാജരാകേണ്ടതിനാലാണ് ഈ സമയത്ത് എത്തിയതെന്നും പറഞ്ഞെങ്കിലും വഴങ്ങിയില്ല.

തുടർന്നു പണം നൽകണമെന്നായി നിലപാട്. വാഹനം തടഞ്ഞിടുകയും ചെയ്തു. വഴങ്ങാതെ വന്നതോടെ 15 മിനിറ്റിനു ശേഷം വാഹനം വിട്ടു. പിന്നീട് നഗരത്തിൽ കയറിയപ്പോൾ പലയിടത്തും പൊലീസ് തടഞ്ഞെങ്കിലും വിശദാംശങ്ങൾ നൽകിയപ്പോൾ വാഹനം കടത്തിവിട്ടുവെന്നും ഇവർ പറയുന്നു. കർഫ്യൂ സംബന്ധിച്ച് ജനങ്ങളുടെ ആശയക്കുഴപ്പം മുതലെടുത്താണ് ചെക്പോസ്റ്റുകളിൽ ചൂഷണം നടക്കുന്നതെന്നു ബെംഗളൂരു മലയാളികൾ ആരോപിക്കുന്നു. ബെംഗളൂരുവിൽ രാത്രി 9നു ശേഷം ജനങ്ങളുടെ അനാവശ്യ സഞ്ചാരം നിയന്ത്രിക്കാനാണ് കർഫ്യൂ ഏർപ്പെടുത്തിയത്.

എന്നാൽ മറുനാട്ടിൽ നിന്നു രാത്രി ബെംഗളൂരുവിൽ എത്തുന്നവർക്കു താമസ സ്ഥലത്തേക്കു പോകാൻ കർഫ്യൂ തടസ്സമല്ല. ചരക്കു വാഹനങ്ങൾക്കും നിയന്ത്രണമില്ല. ആശുപത്രി ആവശ്യങ്ങൾ ഉൾപ്പെടെ വ്യക്തമായ കാരണങ്ങൾ കാണിച്ചാൽ വാഹനം പൊലീസ് തടഞ്ഞിടുകയുമില്ല. നീണ്ട അവധിക്കു ശേഷം എത്തുന്നവരെ അതിർത്തി ചെക്പോസ്റ്റുകളിൽ കർഫ്യൂ ചട്ടത്തിന്റെ പേരിൽ ചൂഷണം ചെയ്യുകയാണെന്നും ഇവർ ആരോപിക്കുന്നു.

രാത്രിയും പുലർച്ചെയും വളരെ കുറച്ചു വാഹനങ്ങൾ കടന്നു പോകുന്ന സമയങ്ങളിലാണ് ഇത്തരം വാഹനവേട്ട കൂടുതലും നടക്കുന്നത്. അതിനാൽ ഈ സമയങ്ങളിൽ ബെംഗളൂരുവിൽ എത്തുന്നത് ഒഴിവാക്കണമെന്നും കേരള റജിസ്ട്രേഷൻ വാഹനങ്ങൾ പുക സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ രേഖകളും കൈവശം സൂക്ഷിക്കണമെന്നുമുള്ള സന്ദേശങ്ങൾ ബെംഗളൂരു മലയാളികൾ വാട്സാപ് ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com