ADVERTISEMENT

ബെംഗളൂരു ∙ സർജാപുര റോഡിലെ കൈകൊണ്ട്രഹള്ളി തടാകത്തോടു ചേർന്നു കെട്ടിപ്പൊക്കിയ 2 ആഡംബര അപ്പാർട്മെന്റുകൾ ഉടൻ പൊളിക്കാൻ‍ ദേശീയ ഹരിത ട്രൈബ്യൂണൽ(എൻജിടി) ഉത്തരവ്. പാരിസ്ഥിതിക അനുമതി(ഇസി) റദ്ദാക്കിയ ട്രൈബ്യൂണൽ, കമ്പനിക്കു 31 കോടി രൂപയും നിർമാണത്തിനു‍ വഴിവിട്ട് അനുമതി നൽകിയ ബിബിഎംപിക്കു 10 ലക്ഷം രൂപയും പിഴ ചുമത്തി. ബഫർസോണിലെ നിർമാണം ചോദ്യം ചെയ്ത് ബെംഗളൂരു നിവാസി എച്ച്.പി.രാജണ്ണയും മഹാദേവപുര അഭിവൃദ്ധി സംരക്ഷണെ മട്ടു അഭിവൃദ്ധി സമിതി(എംഎപിഎസ്എഎസ്)യും സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി.

48 ഏക്കർ വിസ്തൃതിയുള്ള തടാകത്തോടു ചേർന്നു ഗോദ്റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് നിർമിക്കുന്ന റിഫ്ലക്‌ഷൻസ്, ലേക്ക് ഗാർഡൻസ് എന്നിങ്ങനെ 2 പ്രോജക്ടുകൾക്ക് സംസ്ഥാന എൻവയൺമെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റി(എസ്ഇഐഎഎ) 2018ൽ നൽകിയ ഇസി ആണ് റദ്ദാക്കിയത്. മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) അനുമതി ലഭിക്കും മുൻപേ നിർമാണം തുടങ്ങിയിരുന്നതായി ഹർജിക്കാർ ആരോപിച്ചു.

സമീപത്തെ കസവനഹള്ളി തടാകത്തിൽ നിന്നു 400 മീറ്റർ ദൂരം മാത്രമുള്ള ഇവിടെ ഉയർന്ന കെട്ടിടങ്ങൾ നിർമിക്കുന്നതു  പരിസ്ഥിതിക്കു വൻ ആഘാതമേൽപ്പിക്കുമെന്നു എംഎപിഎസ്എഎസിനു വേണ്ടി ഹാജരായ അഡ്വ.രാംപ്രസാദ് വാദിച്ചു. ഒട്ടേറെ ജീവജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയായ തടാകത്തെ സംരക്ഷിക്കുന്ന ട്രൈബ്യൂണൽ വിധിയെ നഗരവാസികളും പരിസ്ഥിതി പ്രേമികളും സ്വാഗതം ചെയ്തു. വിധിയുടെ പകർപ്പും തടാകത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചാണ് പലരും സന്തോഷം പങ്കിട്ടത്.

പിഴത്തുക പൊളിക്കാൻ

നിർമാണം മൂലം പരിസ്ഥിതിക്കുണ്ടായ ആഘാതം നികത്താനുള്ള നഷ്ടപരിഹാരമായി പ്രോജക്ടിന്റെ ആകെ തുകയുടെ(310 കോടി രൂപ) 10% ആണ് കമ്പനിക്കു പിഴ ചുമത്തിയത്. കെട്ടിടങ്ങൾ പൊളിക്കാനും അവശിഷ്ടങ്ങൾ നീക്കി തടാകവും പരിസരവും പഴയ രൂപത്തിലാക്കുന്നതിനുമായി തുക വിനിയോഗിക്കണം. തടാക നവീകരണം, വനവൽക്കരണം എന്നിവയ്ക്കും നടപടി സ്വീകരിക്കണം. കോടതി ചെലവായി 20 ലക്ഷം രൂപയും ചുമത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി ഈ തുക കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ നിക്ഷേപിക്കാനും ‍ട്രൈബ്യൂണൽ നിർദേശിച്ചു. പദ്ധതി പ്രദേശത്തുകൂടി കടന്നുപോകുന്ന മഴവെള്ളക്കനാലിൽ മാറ്റം വരുത്താൻ അനധികൃതമായി അനുമതി നൽകിയതിനാണ് ബിബിഎംപിക്കു പിഴ ചുമത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com