ADVERTISEMENT

ബെംഗളൂരു ∙ അനുമതി നൽകിയതിലും കൂടുതൽ നിലകൾ അനധികൃതമായി കെട്ടിപ്പൊക്കിയിരുന്ന കെട്ടിടം കനത്തമഴയിൽ അടിത്തറയിളകി ചെരിഞ്ഞു. ഉടൻ താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻദുരന്തം ഒഴിവായി. കമലാനഗർ ഡോക്ടേഴ്സ് ലേഔട്ടിലെ കെട്ടിടം ബിബിഎംപി പൊളിച്ചുനീക്കി. ആഴ്ചകൾക്കിടെ നഗരത്തിൽ 3 കെട്ടിടങ്ങൾ തകർന്നുവീണതിനു പിന്നാലെയാണു സംഭവം. 2012-13ൽ നിർമിച്ച കെട്ടിടത്തിലെ 8 ഫ്ലാറ്റുകളിൽ 3 എണ്ണത്തിലാണ് താമസക്കാർ ഉണ്ടായിരുന്നത്. സുരക്ഷയുടെ ഭാഗമായി സമീപത്തെ കെട്ടിടത്തിൽ ഉള്ളവരെയും താൽക്കാലികമായി ഒഴിപ്പിച്ചു. 

അനുമതി 2 നിലയ്ക്ക്;

പണിതത് 5 നിലകളും

പെന്റ് ഹൗസും

 

പരമാവധി 2 നില നിർമിക്കാൻ അനുമതിയുള്ള സ്ഥലത്താണ് പാർക്കിങ് ഉൾപ്പെടെ 5 നില കെട്ടിപ്പൊക്കിയതെന്നു സ്ഥലം സന്ദർശിച്ച ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. പാർക്കിങ് ഉൾപ്പെടെ 5 നിലകളും ടെറസ്സിൽ പെന്റ് ഹൗസും നിർമിച്ചിട്ടുണ്ട്. 

  തണ്ണീർത്തടം നികത്തിയാണു നിർമാണമെന്നും ആരോപണമുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കുമെന്നും കുറ്റക്കാരായ കരാറുകാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗുപ്ത പറഞ്ഞു. 

കെട്ടിടത്തിന്റെ അടിത്തറയുടെ ഉറപ്പും പരിശോധിക്കും. 

കഴിഞ്ഞ മാസം തുടർച്ചയായ ദിവസങ്ങളിൽ 2 കെട്ടിടം തകർന്നതിനു പിന്നാലെ ബെംഗളൂരുവിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ‌ ബിബിഎംപി സർവേ ആരംഭിച്ചിട്ടുണ്ട്. കെട്ടിടം ചെരിഞ്ഞുതുടങ്ങിയതു ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം ബിബിഎംപിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുമെത്തി താമസക്കാരെ ഒഴിപ്പിച്ചു. ഇന്നലെ പകലാണ് കെട്ടിടം പൊളിച്ചു നീക്കിതുടങ്ങിയത്. നാളെയോടെ കെട്ടിടാവശിഷ്ടങ്ങൾ പൂർണമായും നീക്കാനാകുമെന്നു ബിബിഎംപി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com