ബാനസവാടി, ഹംസഫർ എക്സ്പ്രസുകൾ ബയ്യപ്പനഹള്ളിയിൽ നിന്ന് യാത്ര തുടങ്ങും

bengaluru-banaswadi-humsafar-expresses
ബയ്യപ്പനഹള്ളിയിലെ വിശേശ്വരായ റെയിൽവേ ടെർമിനൽ.
SHARE

ബെംഗളൂരു ∙ ബയ്യപ്പനഹള്ളി വിശേശ്വരായ ടെർമിനൽ ജൂൺ 6ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ ഇവിടെ നിന്ന് സർവീസ് ആരംഭിക്കുന്നവയിൽ കേരളത്തിലേക്കുള്ള 2 ട്രെയിനുകളും. ആഴ്ചയിൽ 3 ദിവസമുള്ള എറണാകുളം– ബാനസവാടി എക്സ്പ്രസ് (12683/12684), ആഴ്ചയിൽ 2 ദിവസമുള്ള കൊച്ചുവേളി– ബാനസവാടി ഹംസഫർ എക്സ്പ്രസ് (16319/ 16320) ട്രെയിനുകളാണ് ബയ്യപ്പനഹള്ളിയിലേക്ക് മാറ്റുന്നത്. ബാനസവാടി– പട്ന എക്സ്പ്രസും (22353/ 22354) ബയ്യപ്പനഹള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്.

വൈകിട്ട് 7നു ബാനസവാടി– എറണാകുളം എക്സ്പ്രസാണ് വിശേശ്വരായ ടെർമിനലിൽ നിന്ന് ആദ്യം പുറപ്പെടുക. 2 ട്രെയിനുകളുടെയും പേരിൽ ബാനസവാടിക്ക് പകരം ബയ്യപ്പനഹള്ളി എന്ന് മാറ്റം വരുത്തും. ടെർമിനലിന്റെ ഉദ്ഘാടനം പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷനൽ മാനേജർ ശ്യാം സിങ് പറഞ്ഞു. 

ടാറ്റനഗർ– യശ്വന്ത്പുര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, പാടലീപുത്ര– യശ്വന്ത്പുര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഭുവനേശ്വർ– ബെംഗളൂരു കന്റോൺമെന്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഹാട്ടിയ– യശ്വന്ത്പുര എക്സ്പ്രസ്, ഹാട്ടിയ–ബെംഗളൂരു കന്റോൺമെന്റ്, യശ്വന്ത്പുര– ഹൗറ എക്സ്പ്രസ് ട്രെയിനുകൾ വരുംദിവസങ്ങളിൽ  ബയ്യപ്പനഹള്ളിയിലേക്ക് മാറ്റും. 32 ട്രെയിനുകളാണ് ഘട്ടംഘട്ടമായി ബയ്യപ്പനഹള്ളിയിലേക്ക് മാറ്റുക. 

വരവേൽക്കാൻ ഒരുങ്ങി ആദ്യ എസി ടെർമിനൽ

ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷനിലെ നിലവിലെ ടെർമിനലുകളായ കെഎസ്ആർ സിറ്റി, യശ്വന്ത്പുര എന്നിവയുടെ വികസനത്തിന് സ്ഥലപരിമിതി തടസ്സമായതോടെയാണ് മൂന്നാമത്തെ ടെർമിനൽ 314 കോടി രൂപ ചെലവഴിച്ച് ബയ്യപ്പനഹള്ളിയിൽ നിർമിച്ചത്. 

4,200 ചതുരശ്ര അടി വിസ്തീർണമുള്ള രാജ്യത്തെ ആദ്യത്തെ എസി ടെർമിനലായ ബയ്യപ്പനഹള്ളിയിൽ പ്രതിദിനം 50,000 മുതൽ 70,000 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. 7 പ്ലാറ്റ്ഫോമുകളും ഇവയെ ബന്ധിപ്പിച്ച് 2 അടിപ്പാതകളും ഒരു മേൽപാലത്തിന്റെയും നിർമാണം പൂർത്തിയായിട്ടുണ്ട്. 

ട്രെയിനുകളുടെ ശുചീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 3 പിറ്റ് ലൈനുകൾ, മഴവെള്ള സംഭരണി, 4 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റ് (എസ്ടിപി), വിശാലമായ പാർക്കിങ് സൗകര്യം എന്നിവ പുതിയ ടെർമിനലിന്റെ പ്രത്യേകതയാണ്. 7 ടിക്കറ്റ് കൗണ്ടറുകളുള്ള ടെർമിനലിൽ അൺറിസർവ്ഡ് ടിക്കറ്റിനായി വെൻഡിങ് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. ഐആർസിടിസിയുടെ 2 ഭക്ഷണശാലയും അടുത്തദിവസം പ്രവർത്തനം തുടങ്ങും. 

ടെർമിനലിലേക്കുള്ള യാത്ര: എപ്പോഴെത്തും ബിഎംടിസി

ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിശേശ്വരായ ടെർമിനലിലേക്ക് ബിഎംടിസി ബസ് സർവീസ് ആരംഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടികൾ വൈകുന്നു. ഓൾഡ് മദ്രാസ് റോഡ് ഭാഗത്ത് നിന്ന് ടെർമിനലിലേക്കുള്ള റോഡ് നിർമാണം പൂർത്തിയാകാത്തതാണ് പ്രധാന വെല്ലുവിളി. ഓൾഡ് മദ്രാസ് റോഡിനെയും സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള മേൽപാലത്തിന്റെ നിർമാണം ജനുവരിയിൽ പൂർത്തിയായിരുന്നു. റോഡ് നിർമാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS