ADVERTISEMENT

ബെംഗളൂരു∙ നഗരത്തിലെ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ തടാക തണ്ണീർത്തട പ്രദേശങ്ങളിലെ റോഡ് നിർമാണം ബിബിഎംപി നിർത്തിവച്ചു. പട്ടാന്തൂർ അഗ്രഹാര തടാകക്കരയിൽ റോഡ് നിർമാണം കർണാടക തടാക സംരക്ഷണ വികസന അതോറിറ്റിയുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണ് നിർത്തിയത്. 

നിർമാണത്തിനെതിരെ നേരത്തെ പരിസ്ഥിതി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഐടിപിഎൽ മെയിൻ റോഡിനെയും വൈറ്റ്ഫീൽഡ് മെയിൻ റോഡിനെയും ബന്ധിപ്പിച്ചാണു പുതിയ റോഡ്. പ്രധാന റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നിർമാണം 6 മാസം മുൻപാണ് ആരംഭിച്ചത്. മഴവെള്ളക്കനാലിന്റെ ഒരു ഭാഗം നികത്തിയുള്ള റോഡ് കയ്യേറ്റക്കാരെ സഹായിക്കാനാണെന്ന ആരോപണവും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പട്ടാന്തൂർ അഗ്രഹാര തടാകം നിറഞ്ഞൊഴുകിയിരുന്നു. 

വെള്ളം കയറാത്ത വീടുകൾ പണിയാം

അപ്പാർട്മെന്റുകളുടെ താഴത്തെ നിലയിലെ പാർക്കിങ്ങിൽ (ബേസ്മെന്റ്) പുറത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ ബിബിഎംപി. മഴയിൽ വീടുകളിൽ വെള്ളം കയറുന്നത് തടയാൻ കെട്ടിട നിർമാണ ചട്ടത്തിൽ ഭേദഗതിവരുത്താനുള്ള നടപടി ബിബിഎംപി ആരംഭിച്ചു. 

കെട്ടിടങ്ങളുടെ അടിത്തറ നിർമാണത്തിൽ മാറ്റം വരുത്തുന്നതോടെ വെള്ളം കയറുന്നത് തടയാൻ ഒരു പരിധിവരെ സാധിക്കുമെന്നാണ് പ്രതീക്ഷ. അപ്പാർട്മെന്റുകളുടെ താഴത്തെ നിലയിലെ (ബേസ്മെന്റ്) പാർക്കിങ്ങിലാണ് ആദ്യം വെള്ളം കയറുക. വെള്ളം കയറി വാഹനങ്ങൾ മുങ്ങുന്നത് പതിവായതോടെ അറ്റക്കുറ്റപ്പണിക്ക് വൻതുക ആവശ്യമായി വരുന്നു. വർഷത്തിൽ രണ്ടും മൂന്നും തവണ വെള്ളം കയറി ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിക്കാറുണ്ട്. ചെളിയും മാലിന്യവും നിറയുന്ന ഇവിടം ദിവസങ്ങളെടുത്താണ് വൃത്തിയാക്കുന്നത്. ഇപ്പോൾ വെള്ളം കയറുമ്പോൾ ബിബിഎംപി കൺട്രോൾ റൂമിൽ വിളിച്ചാണ് സഹായം അഭ്യർഥിക്കുന്നത്. മോട്ടർ എത്തിക്കുമ്പോഴേക്കും വെള്ളം പൂർണമായി കയറിയിട്ടുണ്ടാകും. താഴ്ന്ന പ്രദേശങ്ങളിൽ  2.5 മീറ്റർ ഉയരത്തിൽ അടിത്തറ കെട്ടിയിട്ട് വേണം മുകളിലോട്ട് നിർമിക്കാൻ. ഉയരം 4.5 മീറ്ററിൽ കൂടാനും പാടില്ല. കേന്ദ്ര സർക്കാരിന്റെ കെട്ടിട നിർമാണ ചട്ടങ്ങളുടെ മാതൃകയിൽ സംസ്ഥാനത്തും ഭേദഗതി വരുത്തുന്നതിനാണ് നടപടി ആരംഭിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com